ന്യൂദല്‍ഹി: കര്‍ഷകസമരത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ലാത്തിച്ചാര്‍ജില്‍ വ്യാപകപ്രതിഷേധം. കര്‍ഷകര്‍ക്കുനേരെ ലാത്തിച്ചാര്‍ജിന് ഉത്തരവിട്ട ബി.ജെ.പി സര്‍ക്കാര്‍ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറായകണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു.
“ഇതിന്റെ അനന്തരഫലം നേരിടാന്‍ തയ്യാറായിക്കോളൂ. സ്വന്തം പ്രശ്‌നങ്ങളേയും ബുദ്ധിമുട്ടുകളേയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ ഗാന്ധി ജയന്തി ദിനത്തില്‍ സാമാധാനപരമായി റാലി നടത്തിയ കര്‍ഷകരെ നിങ്ങള്‍ വരവേറ്റത് ലാത്തികൊണ്ടും ടിയര്‍ ഗ്യാസ് ഷെല്ലുകൊണ്ടുമാണ്. കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനവും അച്ഛാദിനും വാഗ്ദാനം ചെയ്ത ഒരു സര്‍ക്കാരിന്റെ നടപടിയാണിത്.”
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കര്‍ഷകദ്രോഹ നടപടികളാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ALSO READ: ഒരടി പോലും പിറകോട്ടില്ല; ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് കര്‍ഷകര്‍
അന്താരാഷ്ട്ര അഹിംസാ ദിനത്തില്‍ കര്‍ഷകരെ ക്രൂരമായി മര്‍ദ്ദിച്ച നടപടി ഹീനമായിപ്പോയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പറഞ്ഞു. കര്‍ഷകരുടെ പ്രതിഷേധത്തെ തൃണവല്‍ക്കരിക്കുന്ന മോദി സര്‍ക്കാര്‍ നടപടിയെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അപലപിച്ചു.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേയും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. മാര്‍ച്ച് പൊലീസ് തടയുകയും സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
യു.പിയില്‍ നിന്ന് ദല്‍ഹിയിലേക്ക് കടക്കാനുള്ള അതിര്‍ത്തിയിലാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് ഗ്രെനെഡും കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് തകര്‍ത്തു.
മഹാത്മാഗാന്ധി ജയന്തി ദിനമായ ഇന്ന് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ എത്തി സമരം നടത്താനായിരുന്നു കര്‍ഷകരുടെ തീരുമാനം. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, വായ്പ എഴുതിത്തള്ളല്‍, രാജ്യതലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.
സമരം തുടരുന്ന പശ്ചാത്തലത്തില്‍ ആര്‍.പി.എഫടക്കമുള്ള സേനാവിഭാഗങ്ങളെ ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
WATCH THIS VIDEO: