| Friday, 6th August 2021, 2:09 pm

'ഒ.ബി.സി വിഭാഗത്തിനുള്ള സെന്‍സസ് നടത്തിയാല്‍ പാര്‍ലമെന്റിനുള്ളിലും പുറത്തും കേന്ദ്രത്തിന് പൂര്‍ണ്ണ പിന്തുണ'; മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കേന്ദ്രസര്‍ക്കാരിനെ പാര്‍ലമെന്റിനുള്ളിലും പുറത്തും പിന്തുണയ്ക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഒ.ബി.സി വിഭാഗത്തിനായുള്ള സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ പിന്തുണ ശക്തമാക്കുമെന്നും മായാവതി പറഞ്ഞു.

‘രാജ്യത്തെ ഒ.ബി.സി വിഭാഗത്തിന്റെ സെന്‍സസ് നടത്തണമെന്ന് കാലങ്ങളായി ബി.എസ്.പി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യത്തിന് അനുകൂലമായി തീരുമാനമെടുത്താല്‍ ബി.എസ്.പി പിന്തുണയ്ക്കും. പാര്‍ലമെന്റിനുള്ളിലും പുറത്തും ആ പിന്തുണയുണ്ടാകും,’ മായാവതി പറഞ്ഞു.

ജാതി അടിസ്ഥാനത്തില് സെന്‍സസ് നടത്താന്‍ കേന്ദ്രത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് മായാവതിയുടെ പ്രസ്താവന.

ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാര്‍ അനുമതി തേടിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

നേരത്തെ ജെ.ഡി.യു എം.പിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയപ്പോഴും കേന്ദ്രം അനുവദിച്ചിരുന്നില്ല. ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയാല്‍ മതിയെന്നായിരുന്നു എം.പിമാര്‍ക്ക് നല്‍കിയ നിര്‍ദേശം.

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഇങ്ങനെയൊരു സെന്‍സസ് നടത്തേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ ബോധിപ്പിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

ജാതി തിരിച്ചുള്ള സെന്‍സസ് ഒരു വിഭാഗം ജനങ്ങളില്‍ അസംതൃപ്തി ഉണ്ടാക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഇത് കൂടുതല്‍ ക്ഷേമപദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിന് സഹായിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mayavati Says Will Support Centre In Parliament And Outside

We use cookies to give you the best possible experience. Learn more