| Friday, 1st January 2021, 11:02 pm

'രണ്ടാം യു.പി.എ സര്‍ക്കാരിന്റെ അവസാനകാല ഭരണത്തിന് സമാനമാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ കേന്ദ്രഭരണം'; മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.എസ്.പി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ മായാവതി. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ അവസാന വര്‍ഷങ്ങളിലെ ഭരണത്തിന് സമാനമാണ് ഇപ്പോഴത്തെ ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാനഭരണമെന്ന് മായാവതി പറഞ്ഞു.

യു.പിയിലും സ്ഥിതി വ്യത്യസ്തമല്ലെന്നും അവര്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തന നിയമവുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനൊരുങ്ങുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും മായാവതി രൂക്ഷവിമര്‍ശനമുയര്‍ത്തി.

രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് യോഗിയുടെ ഈ നടപടിയെന്ന് മായാവതി പറഞ്ഞു. ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേരുന്നതിനിടെയായിരുന്നു മായാവതിയുടെ വിമര്‍ശനം.

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമെ 2020 നെക്കാള്‍ മികച്ച വര്‍ഷമായി 2021 നെ വരവേല്‍ക്കാന്‍ പറ്റുകയുള്ളു. എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനായി വേണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍, മായാവതി പറഞ്ഞു.

അതേസമയം യു.പിയില്‍ യോഗി ആദിത്യനാഥ് കൊണ്ടുവന്ന മതപരിവര്‍ത്തന നിയമം സമൂഹത്തില്‍ ഭിന്നതകള്‍ രൂക്ഷമാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി അത് പടരുമെന്നും അവര്‍ പറഞ്ഞു.

പൗരത്വ ഭേദഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധങ്ങളെയും ഇപ്പോള്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തെയും ശരിയായ രീതിയില്‍ നിയന്ത്രിക്കാനോ പരിഹാരം കാണാനോ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം ദേശരക്ഷാ നിയമങ്ങള്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായും മായാവതി പറഞ്ഞു. അത്തരത്തില്‍ നിയമങ്ങളുടെ ദുരുപയോഗം ഏറ്റവും കൂടുതല്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും അവര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Mayavati Slams Union Government

We use cookies to give you the best possible experience. Learn more