ദളിത് വിഷയം ചര്‍ച്ച ചെയ്തില്ലെങ്കില്‍ രാജിവെക്കും; രാജ്യസഭയില്‍ നിന്നും മായാവതി ഇറങ്ങിപ്പോയി
India
ദളിത് വിഷയം ചര്‍ച്ച ചെയ്തില്ലെങ്കില്‍ രാജിവെക്കും; രാജ്യസഭയില്‍ നിന്നും മായാവതി ഇറങ്ങിപ്പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th July 2017, 11:48 am

ന്യൂദല്‍ഹി: ദളിത് വിഷയം ചര്‍ച്ച ചെയ്തില്ലെങ്കില്‍ രാജിവെക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി. തനിക്ക് സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്നാരോപിച്ച് രാജ്യസഭയില്‍ നിന്നും മായാവതി ഇറങ്ങിപ്പോവുകയും ചെയ്തു.

“എനിക്ക് സംസാരിക്കാന്‍ ഒരവസരം തന്നില്ലെങ്കില്‍ ഞാന്‍ രാജിവെക്കും. ഇപ്പോള്‍ തന്നെ രാജിക്കത്ത് നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ഇപ്പോഴും എനിക്ക് സംസാരിക്കാന്‍ അവസരമില്ല.” – മായാവതി പറഞ്ഞു. ഷഹര്‍നാപൂരില്‍ ദളിതര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച് സംസാരിക്കാന്‍ അവസരം നിഷേധിച്ചതിനെതിരെയായിരുന്നു മായാവതിയുടെ പ്രതികരണം.


Dont Miss അനിതയ്ക്ക് വിനുവിനെ വിമര്‍ശിക്കാം; പക്ഷേ ഉപയോഗിക്കേണ്ട ഭാഷ അതായിരുന്നില്ല: ഭാഗ്യലക്ഷ്മി


മായാവതി സഭ വിട്ടിറങ്ങിയതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

അതേസമയം സഭയെ അനാദരിച്ചതിനും ചെയറിനെ വെല്ലുവിളിച്ചതിനും മായാവതി മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രതികരിച്ചു.

എന്നാല്‍ മായാവതി ഉയര്‍ത്തിയ വിഷയം ഗൗരവമുള്ളതും പ്രസക്തവുമാണെന്ന് സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി പ്രതികരിച്ചു. ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി ഈ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.