ന്യൂദല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മായാവതിയും മമത ബാനര്‍ജിയും അഖിലേഷ് യാദവും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കില്ല.
രാവിലെ 10 മണിക്ക് ജയ്പൂരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളെല്ലാം ഭോപ്പാലിലേക്ക് പോകും. അവിടെ ഉച്ചയ്ക്ക് ഒരു മണിയോടെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥും അധികാരമേല്‍ക്കും.
വൈകീട്ട് നാലരയ്ക്കാണ് ഛത്തിസ്ഗഢ്, മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗല്‍ അധികാരമേല്‍ക്കുന്നത്. കുടുംബത്തില്‍ ചില അത്യാവശ്യങ്ങള്‍ വന്നതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും തനിക്ക് പകരം മറ്റൊരാളെ ചടങ്ങിന് അയക്കുമെന്നുമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ കാരണം മായാവതിയും അഖിലേഷ് യാദവും വ്യക്തമാക്കിയിട്ടില്ല.
മധ്യപ്രദേശിലും രാജസ്ഥാനിലും സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട കേവലഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കാത്ത സാചര്യത്തിലായിരുന്നു എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പേ മായാവതിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും സഖ്യത്തിന് മായാവതി തയ്യാറായിരുന്നില്ല.
അതേസമയം ചന്ദ്രബാബു നായിഡുവും ഫറൂഖ് അബ്ദുള്ളയും ശരദ് പവാറും സ്റ്റാലിനും ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങിലേക്ക് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനേയും ക്ഷണിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളെല്ലാം പങ്കെടുത്തപ്പോള്‍ ആ ചടങ്ങില്‍ നിന്നും മായാവതിയും മമതയും അഖിലേഷ് യാദവും വിട്ടുനിന്നിരുന്നു. ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി, രജനീകാന്ത്, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡിസംബര്‍ 10 നുശേഷം പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുന്ന രണ്ടാമത്തെ യോഗമാണ് ഇന്നലെ ചെന്നൈയില്‍ നടന്നത്.