ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേ തീരുവെന്ന് ബഹുജന്‍ സമാജ്‌വാദി അധ്യക്ഷ മായാവതി. ഭരണഘടനാ വിരുദ്ധമായി ഇത്തരമൊരു നിയമത്തില്‍ നിന്നും പിന്തിരിയാന്‍ സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെടുകയാണെന്നും മായാവതി പറഞ്ഞു.
അല്ലാത്ത പക്ഷം ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തുണ്ടായ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് രാജ്യം നീങ്ങുമെന്നും മായാവതി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു ഞായറാഴ്ച രാത്രി നടത്തിയത്. പൊലീസ് സര്‍വകലാശാലാ ക്യാംപസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യു, ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും എത്തിയിരുന്നു.
ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബനാറസ് യൂണിവേഴ്സിറ്റിയിലേയും അലിഗഡ് യൂണിവേഴ്സിറ്റിയിലേക്കും ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ