| Thursday, 11th July 2019, 4:12 pm

ഇത് ബി.ജെ.പിയുടെ നാണം കെട്ട കളി; കര്‍ണാടക പ്രതിസന്ധിയില്‍ രൂക്ഷവിമര്‍ശനവുമായി മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി.

പണവും അധികാരവും ഉപയോഗിച്ച് കര്‍ണാടകയിലെയും ഗോവയിലെയും എം.എല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് ഇതെന്നും മമത പറഞ്ഞു.

രാജ്യത്തെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവസരം മുതലെടുത്ത് പാര്‍ട്ടികള്‍ മാറുന്നവരുടെ അംഗത്വം തന്നെ ഇല്ലാതാക്കാന്‍ രാജ്യത്ത് കര്‍ശനമായ നിയമം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും മായാവതി പറഞ്ഞു.

പണവും അധികാരം ദുരുപയോഗം ചെയ്തും ഇവിഎം തട്ടിപ്പ് വഴിയുമാണ് ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്. എന്നാല്‍, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വികളെ മറികടക്കാന്‍ വേണ്ടി ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളെ പുറത്താക്കാനുള്ള തരംതാഴ്ന്ന നീക്കമാണ് ബി.ജെ.പി ഇപ്പോള്‍ നടത്തുന്നതെന്നും മമത ആരോപിച്ചു.

അതേസമയം കര്‍ണാടകയില്‍ ഭരണപ്രതിസന്ധി രൂക്ഷമാണ്. സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ മുംബൈയിലേക്കു പോയ പത്ത് എം.എല്‍.എമാരും ആറുമണിക്ക് സ്പീക്കറുടെ മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഓരോ ദിവസം ഓരോ എം.എല്‍.എമാരെയുമായി കണ്ട് ചര്‍ച്ച നടത്താനായിരുന്നു സ്പീക്കറുടെ തീരുമാനം. എന്നാല്‍ ഇന്ന് ആറു മണിക്കു തന്നെ എല്ലാ എം.എല്‍.എമാര്‍ക്കും ഒരുമിച്ച് സ്പീക്കറെ കാണാനുള്ള അവസരമൊരുക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

ഇതുപ്രകാരം എം.എല്‍.എമാര്‍ മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചു. തങ്ങളെ ഒരുമിച്ചു കാണാന്‍ സ്പീക്കര്‍ വിസമ്മതിക്കുന്നുവെന്നാരോപിച്ചായിരുന്നു എം.എല്‍.എമാര്‍ കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് എം.എല്‍.എമാരുടെ ഹരജി പരിഗണിച്ചത്. വെള്ളിയാഴ്ച വിമത എം.എല്‍.എമാരുടെ ഹരജി കോടതി വീണ്ടും പരിഗണിക്കും. അന്ന് കാര്യങ്ങള്‍ കോടതിയെ അറിയിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയം കൂടുതല്‍ കിട്ടുമെന്നത് മുന്നില്‍ കണ്ടാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയോട് രാജിവെക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പറയുകയും രാജിവെക്കില്ലെന്ന് കുമാരസ്വാമി പ്രഖ്യാപിക്കുകയും ചെയ്തതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോടതി നിര്‍ദേശത്തോടെ അതിനുളള സാധ്യതയാണ് ഇല്ലാതായിരിക്കുന്നത്.

We use cookies to give you the best possible experience. Learn more