ലഖ്‌നൗ: അംബേദ്കര്‍ രാഷ്ട്രീയമാണ് ബി.എസ്.പി പിന്തുടരുന്നതെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ പരിഗണിച്ചാണ് പാര്‍ട്ടി ഇത്രയും കാലം നിലനിന്നതെന്നും മായാവതി പറഞ്ഞു. വരാനിരിക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ സമാജ് വാദിയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി ബി.ജെ.പിയെ സഹായിക്കാനാണ് ബി.എസ്.പി ശ്രമിക്കുന്നതെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവര്‍
യു.പിയില്‍ മേയ് 4ന് ആരംഭിക്കുന്ന സിവിക് ബോഡി തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് 11 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെയാണ് ബി.എസ്.പി മത്സരിപ്പിക്കുന്നത്. തൊട്ട് പിന്നാലെ സമാജ് വാദി പാര്‍ട്ടിയുടെ യാദവ-മുസ്‌ലിം വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങളാണ് ബി.എസ്.പി നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
2. बीएसपी ’सर्वजन हिताय व सर्वजन सुखाय’ की नीति व सिद्धान्त पर चलने वाली अम्बेडकरवादी पार्टी है तथा उसी आधार पर यूपी में चार बार अपनी सरकार चलाई। मुस्लिम व अन्य समाज को भी हमेशा उचित प्रतिनिधित्व दिया। अतः लोगों से अपने हित पर ज्यादा व विरोधियों के षडयंत्र पर ध्यान न देने अपील।
— Mayawati (@Mayawati) April 30, 2023
‘അംബേദ്കര്‍ രാഷ്ട്രീയമാണ് ബി.എസ്.പി മുന്നോട്ട് വെക്കുന്നത്. സര്‍വജന സൗഖ്യമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ മുദ്രാവാക്യം. ഇതേ ആശയധാര മുന്നോട്ട് വെച്ചാണ് ഉത്തര്‍ പ്രദേശില്‍ നാല് തവണ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. എല്ലാ കാലത്തും മുസ്‌ലിങ്ങള്‍ക്കും മറ്റ് സമുദായങ്ങള്‍ക്കും കൃത്യമായ പ്രാതിനിധ്യം ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ ദുഷ്പ്രചരണത്തിന് ചെവി കൊടുക്കാതെ നാട്ടിലെ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യൂ.
ഇത്തവണത്തെ മേയര്‍ തെരഞ്ഞെടുപ്പിലും മുസ്‌ലിങ്ങള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. 17 മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 11 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെയാണ് ബി.എസ്.പി മത്സരിപ്പിക്കുന്നത്. ബി.സ്.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വര്‍ഗീയ പാര്‍ട്ടികളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്,’ മായാവതി പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉത്തര്‍പ്രദേശില്‍ നടക്കുന്ന ദുര്‍ഭരണങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
മേയ് 4നും 11നുമായി രണ്ട് തവണയായിട്ടാണ് ഇത്തവണ യു.പിയില്‍ സിവിക് ബോഡി ഇലക്ഷന്‍ സംഘടിപ്പിക്കുന്നത്. മേയ് 13നാണ് വോട്ടെണ്ണല്‍.
Content Highlight: Mayavathi talk about bsp and candidates