മായാവതി രാജ്യസഭയില്‍ നിന്ന് രാജിവെച്ചു
India
മായാവതി രാജ്യസഭയില്‍ നിന്ന് രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th July 2017, 6:09 pm

ന്യൂദല്‍ഹി: രാജ്യസഭാ എം.പി സ്ഥാനം മായാവതി രാജിവെച്ചു. ദളിത് വിഷയം ചര്‍ച്ച ചെയ്തില്ലെങ്കില്‍ രാജിവെക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി രാജ്യസഭയില്‍ അല്‍പ്പസമയം മുന്‍പ് പറഞ്ഞിരുന്നു.

തനിക്ക് സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്നാരോപിച്ച് രാജ്യസഭയില്‍ നിന്നും മായാവതി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.

“എനിക്ക് സംസാരിക്കാന്‍ ഒരവസരം തന്നില്ലെങ്കില്‍ ഞാന്‍ രാജിവെക്കും. ഇപ്പോള്‍ തന്നെ രാജിക്കത്ത് നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ഇപ്പോഴും എനിക്ക് സംസാരിക്കാന്‍ അവസരമില്ല.” – മായാവതി പറഞ്ഞിരുന്നു. ഷഹര്‍നാപൂരില്‍ ദളിതര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച് സംസാരിക്കാന്‍ അവസരം നിഷേധിച്ചതിനെതിരെയായിരുന്നു മായാവതിയുടെ പ്രതികരണം.

മായാവതി സഭ വിട്ടിറങ്ങിയതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

മായാവതി ഉയര്‍ത്തിയ വിഷയം ഗൗരവമുള്ളതും പ്രസക്തവുമാണെന്ന് സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി പ്രതികരിച്ചു. ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി ഈ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.