'മോദിയെ പരാജയപ്പെടുത്തുന്നത് മായാവതിയായിരിക്കും'; മായാവതി ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദമെന്ന് റിപ്പോര്‍ട്ട്
national news
'മോദിയെ പരാജയപ്പെടുത്തുന്നത് മായാവതിയായിരിക്കും'; മായാവതി ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th July 2018, 11:06 pm

ലഖ്‌നൗ: 2019 തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദമാണ് ബി.എസ്.പി അധ്യക്ഷ മായാവതി ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ട്. ഏറ്റവും താഴെത്തട്ടില്‍ ഇതിനായി ബി.എസ്.പി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ സാധ്യമായ സഖ്യങ്ങളെ പരീക്ഷിക്കാനാണ് ബി.എസ്.പി ശ്രമിക്കുന്നത്.

ലോക്‌സഭയില്‍ നിലവില്‍ ഒരു എം.പി പോലും ബി.എസ്.പിയ്ക്കില്ല. എന്നാല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും മികച്ച വിജയം സ്വന്തമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ശക്തി തെളിയിക്കാനാണ് മായാവതിയുടെ നീക്കം.

ALSO READ: ബി.ജെ.പിയ്ക്ക് അടുത്ത തിരിച്ചടിയ്ക്ക് കളമൊരുങ്ങുന്നു; രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ത്ഥിയുമായി പ്രതിപക്ഷം

മായാവതി പ്രധാനമന്ത്രിയാകണമെന്നാണ് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ആഗ്രഹമെന്ന് ബി.എസ്.പി ദേശീയ വൈസ് പ്രസിഡന്റ് ജയപ്രകാശ് സിംഗ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

“രാമന്‍ രാവണനെ കൊന്നതുപോലെ, കൃഷ്ണന്‍ കംസനെ കൊന്നതുപോലെ മോദിയെ പരാജയപ്പെടുത്തുന്നത് മായാവതിയായിരിക്കും.”

പ്രതിപക്ഷ ഐക്യത്തിലെ കേന്ദ്രബിന്ദുവാകുന്നത് മായാവതിയായിരിക്കുമെന്നും കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: നരേന്ദ്രമോദിയുടെ പ്രസംഗത്തിനിടെ കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയഗാന്ധിയും മായാവതിയും ഒരുമിച്ചായിരുന്നു പങ്കെടുത്തിരുന്നത്.

ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കെതിരെ എസ്.പിയുമായി സഖ്യത്തിലേര്‍പ്പെട്ടതും മായാവതി പ്രധാനമന്ത്രി പദം ലക്ഷ്യമിടുന്നുവെന്നതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി ഭരണത്തില്‍ ദളിതര്‍ അസംതൃപ്തരാണെന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദളിത് നേതാവെന്നതും മായാവതിയ്ക്ക് സഹായകമാകുമെന്നുമാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

WATCH THIS VIDEO: