| Wednesday, 3rd April 2024, 12:21 pm

രണ്ട് കളിയിൽ ഞാൻ ആറ് വിക്കറ്റ് നേടിയത് പ്രാധാന്യമുള്ള കാര്യമല്ല: ഇന്ത്യയുടെ ഭാവി താരം പറയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് സീസണിലെ രണ്ടാം ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 28 റണ്‍സിനാണ് ലഖ്നൗ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ലഖ്നൗ ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് മായങ്ക് യാദവ് നടത്തിയത്. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റുകള്‍ ആണ് മായങ്ക് നേടിയത്. 3.50 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

ബെംഗളൂരു താരങ്ങളായ രജത് പടിതാര്‍, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെ പുറത്താക്കിയാണ് മയാങ്ക് കരുത്ത് കാട്ടിയത്. ഈ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും യാദവ് സ്വന്തമാക്കി.

ഇപ്പോഴിതാ തന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മായങ്ക് യാദവ്. കമന്റേറ്റർ മുരളി കാര്‍ത്തിക്കിനോട് സംസാരിക്കുകയായിരുന്നു ലഖ്നൗ താരം.

‘രണ്ടു മത്സരങ്ങളില്‍ ഞാന്‍ നേടിയ ആറു വിക്കറ്റുകള്‍ പ്രാധാന്യമുള്ളതല്ല. കാരണം ഫ്രാഞ്ചൈസിക്ക് വേണ്ടിയുള്ള മത്സരങ്ങള്‍ എല്ലാം വിജയിക്കുക എന്നുള്ളതാണ് പ്രധാനം. പഞ്ചാബ് കിങ്‌സിനെതിരെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയുമുള്ള ലഖ്നൗവിന്റെ തുടര്‍ച്ചയായ രണ്ടു വിജയങ്ങളില്‍ വലിയ സംഭാവനകള്‍ ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്,’ മായങ്ക് പറഞ്ഞു.

പഞ്ചാബ് കിങ്സിനെതിരെയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിലും താരം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. പഞ്ചാബിനെതിരെ 27 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളും താരം നേടിയിരുന്നു. ആ മത്സരത്തിലും താരം പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

155 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാനുള്ള കഴിവാണ് മായങ്കിന് ക്രിക്കറ്റ് ലോകത്തില്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായത്. വരാനിരിക്കുന്ന മത്സരത്തിലും ഈ 21 കാരന്‍ മിന്നും പ്രകടനം പുറത്തെടുക്കുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം റോയല്‍ ചലഞ്ചേഴ്സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് 19.4 ഓവറില്‍ 153 റണ്‍സിന് പുറത്താവുകയായിരുന്നു.

ജയത്തോടെ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ഒരു തോല്‍വിയുമായി നാലു പോയിന്റോടെ നാലാം സ്ഥാനത്താണ് രാഹുലും സംഘവും. ഏപ്രില്‍ ഏഴിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. സൂപ്പര്‍ ജയന്റ്‌സിന്റെ തട്ടകമായ എകാന സ്‌പോര്‍ട്‌സിറ്റി ഗ്രൗണ്ടിലാണ് മത്സരം നടക്കുക.

Content Highlight: Mayank Yadav talks about his performance

We use cookies to give you the best possible experience. Learn more