കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കി 15 അംഗ സ്‌ക്വാഡാണ് അപെക്‌സ് ബോര്‍ഡ് പുറത്തുവിട്ടത്.
സൂപ്പര്‍ താരം മായങ്ക് യാദവിനെയും ബി.സി.സി.ഐ സ്‌ക്വാഡിന്റെ ഭാഗമാക്കിയിരുന്നു. ഇതോടെ യാദവിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനാണ് കളമൊരുങ്ങുന്നത്.
ഐ.പി.എല്ലിനിടെ പരിക്കേറ്റ താരം ദീര്‍ഘനാളുകളായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കഴിയുകയായിരുന്നു. പരിക്കില്‍ നിന്നും മുക്തനായ താരത്തിന് ഇന്ത്യക്കായി മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഇപ്പോള്‍ മായങ്ക് യാദവിന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് താരത്തിന്റെ പരിശീലകനായ ദേവേന്ദര്‍ ശര്‍മ. എന്‍.സി.എ തലവനായ വി.വി.എസ് ലക്ഷ്മണിന് നന്ദി പറഞ്ഞ ശര്‍മ, താരത്തിന്റെ തിരിച്ചുവരവിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാ ക്രെഡിറ്റും ലക്ഷ്മണ്‍ സാറിനുള്ളതാണ്. മായങ്ക് എന്‍.സി.എയിലെത്തിയ ആദ്യ ദിവസം മുതല്‍ തന്നെ അദ്ദേഹം അവന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വീണ്ടും പന്തെറിയാന്‍ ആരംഭിക്കുന്നതിന് മുമ്പ് കോര്‍ സ്‌ട്രെങ്ത് വര്‍ധിപ്പിക്കാന്‍ അദ്ദേഹം അവന് നിര്‍ദേശം നല്‍കിയിരുന്നു.
അവന്റെ തിരിച്ചുവരവ് വളരെ പതുക്കെയായിരുന്നു. ഒരു തരത്തിലുമുള്ള റിസ്‌ക്കെടുക്കാനും ബി.സി.സി.ഐ തയ്യാറായിരുന്നില്ല. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അവന്‍ പന്തെറിയാന്‍ ആരംഭിച്ചു, അവന്റെ പഴയ വേഗതയിലേക്ക് തിരിച്ചെത്താന്‍ വീണ്ടും ഒരു മാസം കൂടി ആവശ്യമായി വന്നു.
കഴിഞ്ഞ ആറ് ആഴ്ചയായി, ഒരു ദിവസം 15 ഓവര്‍ എന്ന കണക്കില്‍ അവന്‍ എന്‍.സി.എയില്‍ പന്തെറിയുന്നുണ്ട്, ഇതിലും അവന് പ്രത്യേക നിര്‍ദേശം നല്‍കിയത് ലക്ഷ്മണ്‍ സാറാണ്,’ ദേവേന്ദര്‍ ശര്‍മ പറഞ്ഞു.
ഐ.പി.എല്ലില്‍ വേഗത കൊണ്ട് മായാജാലം കാണിച്ചതിന് പിന്നാലെയാണ് മായങ്ക് യാദവ് എന്ന യുവതാരത്തെ ആരാധകര്‍ ശ്രദ്ധിച്ചുതുടങ്ങിയത്. പഞ്ചാബ് കിങ്സിനെതിരെ അരങ്ങേറ്റം കുറിച്ച താരം മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും മായങ്ക് മറ്റാര്‍ക്കും നല്‍കിയില്ല.
ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയും താരം തന്റെ വേഗത വ്യക്തമാക്കി. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റാണ് താരം പിഴുതെറിഞ്ഞത്.
ഈ മത്സരത്തിലും കളിയിലെ താരമാവാന്‍ മായങ്കിന് സാധിച്ചിരുന്നു. ഐ.പി.എല്‍ കരിയറിലെ ആദ്യ രണ്ട് മത്സരങ്ങളിലും തുടര്‍ച്ചയായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും യാദവ് സ്വന്തമാക്കിയിരുന്നു.
ഇപ്പോള്‍ പരിക്കില്‍ നിന്നും മുക്തനായി വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് യാദവ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ താരത്തിന് തിളങ്ങാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ബംഗ്ലാദേശിനെതരെ തിളങ്ങിയാല്‍ ബി.ജി.ടിയിലും ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമാകാന്‍ താരത്തിന് സാധിച്ചേക്കും.
ഇന്ത്യ – ബംഗ്ലാദേശ് ടി-20 പരമ്പര
ആദ്യ മത്സരം – ഒക്ടോബര്‍ ആറ്, ഗ്വാളിയോര്‍ അന്താരാഷ്ട്ര സ്റ്റേഡിയം
രണ്ടാം മത്സരം – ഒക്ടോബര്‍ ഒമ്പത്, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, ദല്‍ഹി
അവസാന മത്സരം – ഒക്ടോബര്‍ 12, രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, ഹൈദരാബാദ്.
ഇന്ത്യ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.
Content highlight: Mayank Yadav’s childhood coach thanks VVS Laxman