Cricket
പരിക്ക് മാറി ഇന്ത്യയുടെ വേഗതയുടെ രാജകുമാരൻ തിരിച്ചെത്തുന്നു; ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിൽ അവനിറങ്ങുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 10, 10:54 am
Wednesday, 10th July 2024, 4:24 pm

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമായിരുന്നു ആയിരുന്നു മായങ്ക് യാദവ്. ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞുകൊണ്ടാണ് മായങ്ക് ശ്രദ്ധ നേടിയത്. എന്നാല്‍ പരിക്കു പറ്റിയതിനു പിന്നാലെ താരത്തിന് ഐ.പി.എല്‍ നഷ്ടമാവുകയായിരുന്നു.

ഇപ്പോള്‍ തന്റെ പരിക്കിനെക്കുറിച്ച് അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും പൂര്‍ണ്ണ ഫിറ്റ്‌നസ് നേടിയെടുക്കാനുള്ള ഒരുക്കത്തിലാണ് താരം.

‘ഇപ്പോള്‍ എനിക്ക് വളരെയധികം സുഖം തോന്നുന്നുണ്ട് ഞാന്‍ നല്ല ഫിറ്റായി മാറി. എനിക്ക് ഇവിടെ കുറച്ചു സമയം ചെലവഴിക്കേണ്ടി വന്നു എന്നാല്‍ അതെനിക്ക് പൂര്‍ണ്ണ ഫിറ്റ്‌നസ് നേടിയെടുക്കാനാണ് സഹായിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഞാന്‍ വളരെ വേഗത്തിലാണ് ബൗള്‍ ചെയ്യുന്നത്. എന്റെ ആരോഗ്യസ്ഥിതിയിലുള്ള പുരോഗതിയില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്,’ മായങ്ക് യാദവ് ടെലിഫ് ഇന്ത്യയോട് പറഞ്ഞു.

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗവിനായി നാല് മത്സരങ്ങളില്‍ മാത്രമേ താരത്തിന് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. എന്നാല്‍ ഈ നാലു മത്സരങ്ങളില്‍ നിന്നും ഏഴ് വിക്കറ്റുകളാണ് താരം നേടിയെടുത്തത്. 6.99 എക്കോണമിയിലാണ് താരം പണത്തെറിഞ്ഞത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിംബാബ്വെക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഒരുപിടി യുവതാരങ്ങളാണ് അരങ്ങേറ്റം കുറിച്ചത്.

എന്നാല്‍ പരിക്കിന്റെ പിടിയിലായതിനാല്‍ മായാങ്ക് യാദവിനെ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു. ഈ പരമ്പര അവസാനിച്ചാല്‍ ഉടന്‍ ഓഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയാണ്. ഈ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മായാങ്ക് ഇടം നേടുമെന്ന് റിപ്പോര്‍ട്ടുകളും നിലനില്‍ക്കുന്നുണ്ട്.

 

Content Highlight: Mayank Yadav Injury update