| Sunday, 9th April 2023, 10:59 pm

മായങ്ക് മാര്‍ക്കണ്ഡേ: സഞ്ജുവിനെ തല്ലിയൊതുക്കിയ പഞ്ചാബിനെ ഒരു ദയവും ഇല്ലാതെ എറിഞ്ഞിട്ട സണ്‍റൈസേഴ്‌സന്റെ അരങ്ങേറ്റക്കാരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 14ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് സണ്‍റൈസേഴ്‌സിനെ നേരിടുകയാണ്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഹോം ടീമിന്റെ മികച്ച ബൗളിങ് പ്രകടനമാണ് ക്രിക്കറ്റ് ആരാധകര്‍ കണ്ടത്.

സീസണിലെ മൂന്നാം മത്സരത്തില്‍ അവതരിപ്പിച്ച മായങ്ക് മാര്‍ക്കണ്ഡേ എന്ന 25കാരനാണ് സണ്‍റൈസേഴ്‌സിന്റെ ബൗളിങ് യൂണിറ്റിന്റെ ചുക്കാന്‍ പിടിച്ചത്. ഐ.പി.എല്ലില്‍ തന്റെ 21ാമത് മത്സരം മാത്രം കളിക്കുന്ന അവന് മുമ്പില്‍ പഞ്ചാബിന്റെ പേരുകേട്ട ബാറ്റിങ് യൂണിറ്റ് തകരുകയായിരുന്നു.

ബര്‍സാപര സ്റ്റേഡിയത്തില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനെ പഞ്ഞിക്കിട്ട അതേ പഞ്ചാബ് തന്നെയാണോ ഇതെന്ന് ആരാധകര്‍ക്ക് തോന്നും വിധമായിരുന്നു ഓറഞ്ച് ആര്‍മിയുടെ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞത്.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ മാര്‍ക്കണ്ഡേ ആകെ വഴങ്ങിയത് 15 റണ്‍സാണ്. വീഴ്ത്തിയതാകട്ടെ എണ്ണം പറഞ്ഞ നാല് വിക്കറ്റും.

പഞ്ചാബ് നിരയില്‍ ആകെ രണ്ടക്കം കണ്ടവരില്‍ രണ്ടാമനെ വീഴ്ത്തിക്കൊണ്ടാണ് മാര്‍ക്കണ്ഡേ തുടങ്ങിയത്. ശിഖര്‍ ധവാനൊപ്പം നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ച സാം കറനായിരുന്നു മാര്‍ക്കണ്ഡേയുടെ ആദ്യ ഇര. പഞ്ചാബിന്റെ മോസ്റ്റ് വാല്യുബിള്‍ പിക്കിനെ ഭുവിയുടെ കൈകളിലെത്തിച്ചാണ് മാര്‍ക്കണ്ഡേ മടക്കിയത്.

മൂന്ന് പന്തില്‍ നിന്നും നാല് റണ്‍സുമായി ഷാരൂഖ് ഖാനെ മടക്കിയ മാര്‍ക്കണ്ഡേ രാഹുല്‍ ചഹറിനെയും നഥാന്‍ എല്ലിസിനെയും പൂജ്യത്തിനാണ് പുറത്താക്കിയത്.

ഷാരൂഖ് ഖാനെയും രാഹുല്‍ ചഹറിനെയും വിക്കറ്റിന് മുമ്പില്‍ കുടുക്കിയ മാര്‍ക്കണ്ഡേ, എല്ലിസിനെ ക്ലീന്‍ ബൗള്‍ഡാക്കി.

അതേസമയം, ശിഖര്‍ ധവാന്റെ ഒറ്റയാള്‍ പ്രകടനത്തിന്റെ ബലത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്‌സ് നിലവില്‍ 15 ഓവറില്‍ റണ്‍സിന് വിക്കറ്റ് എന്ന നിലയിലാണ്. 43 പന്തില്‍ നിന്നും 65 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയും 13 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രവുമാണ് ക്രീസില്‍.

Content highlight: Mayank Markhande’s incrdible bowling spell against Punjab Kings

We use cookies to give you the best possible experience. Learn more