| Monday, 18th November 2019, 5:23 pm

മുരളിസാര്‍, ഡ്രസ്സിങ് റൂമിലെ ആ പയ്യനല്ല ഇന്നിവന്‍; ഇനി ഇന്ത്യന്‍ ക്രിക്കറ്റിന് 'മായാങ്കം'

ഹരിമോഹന്‍

‘നിനക്ക് ബാറ്റിങ് ഇഷ്ടമല്ലേ?’ വര്‍ഷങ്ങള്‍ക്കു മുന്‍പ് മായങ്ക് അഗര്‍വാള്‍ എന്ന കുട്ടിയോട് ആര്‍.എക്‌സ് മുരളിയെന്ന പരിശീലകന്‍ ചോദിച്ചതാണിത്. ‘അതെ അതെ. തീര്‍ച്ചയായിട്ടും എനിക്കതിഷ്ടമാണ്.’ എന്നായി അവന്റെ മറുപടി. ‘പിന്നെന്തിനാണ് ഡ്രസ്സിങ് റൂമിലിരുന്ന് നീ സമയം കളയുന്നത്?’ എല്ലാ കളിയിലും തുടര്‍ച്ചയായി കളിക്കാനിറങ്ങി 30-40 റണ്‍സിനു പുറത്താവുന്ന ആ കുട്ടി പിന്നീട് ഡ്രസ്സിങ് റൂമിലെ കസേരയ്ക്കു ചൂടു പകര്‍ന്നുകൊടുക്കുന്നത് എല്ലാദിവസവും കണ്ടുമടുത്താണു മുരളി ആ ചോദ്യമുന്നയിച്ചത്.

പക്ഷേ ഇന്ന് ബംഗ്ലാദേശി ബൗളര്‍മാരോ ഫീല്‍ഡര്‍മാരോ ആ ചോദ്യമുന്നയിക്കാന്‍ ധൈര്യപ്പെടുമെന്നു തോന്നുന്നില്ല. അനായാസം 243 റണ്‍സടിച്ച് ഇന്ത്യക്ക് 343 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് പിടിച്ചുവാങ്ങിക്കൊടുത്ത ആ ഇന്ത്യന്‍ ഓപ്പണറെക്കുറിച്ച് ഓര്‍ക്കുന്നതു പോലും അവര്‍ക്കിഷ്ടമാകണം എന്നില്ല.

ഇവിടെ ചിരിക്കുന്നത് അഗര്‍വാള്‍ എന്ന വലംകൈയനാകില്ല. മുരളിയെന്ന പരിശീലകനായിരിക്കും, തന്റെ ചോദ്യങ്ങളോര്‍ത്ത്. ഇന്‍ഡോറിലേക്കു നോക്കി അയാള്‍ ആര്‍ത്തട്ടഹസിച്ചു ചിരിച്ചുകാണും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

12-15 ദിവസങ്ങള്‍ മാത്രമേ ഒരു സീസണില്‍ ഒരു ബാറ്റ്‌സ്മാനുള്ളൂ എങ്കില്‍, അയാള്‍ ഓരോ ദിവസവും എണ്ണിക്കൊണ്ടേയിരിക്കണം എന്നായിരുന്നു മുരളി തന്റെ പ്രിയശിഷ്യനു നല്‍കിയ ഉപദേശം. അവന്‍ എണ്ണിത്തന്നെയാണ് ഓരോ മത്സരവും, ഓരോ ദിവസവും കളിക്കുന്നത്. അത്രയും ആര്‍ത്തിയോടെയാണ് അവന്‍ റണ്‍സിനായി കളിക്കളത്തിലേക്കു നടന്നടുക്കുന്നതും.

മായങ്ക് അഗര്‍വാള്‍ പരിശീലകന്‍ ആര്‍.എക്‌സ് മുരളിയോടൊപ്പം


താന്‍ കണ്ടു പരിചയിച്ച മായങ്കിനെ ആയിരുന്നില്ല മുരളി ഇന്‍ഡോറില്‍ കണ്ടിട്ടുണ്ടാവുക. ആക്രമണോത്സുകത വെടിഞ്ഞ്, സ്വയം നിയന്ത്രിതനായി, ജാഗ്രതയോടെയാണ് മായങ്ക് ആ ഡബിള്‍ സെഞ്ചുറി കെട്ടിപ്പടുത്തത്.

ഈ മായങ്കായിരുന്നില്ല, അന്നത്തെ മായങ്ക്

ചെറുപ്പകാലത്ത് റണ്‍സിനായി ദാഹിച്ചാണ് മായങ്ക് ക്രീസിലെത്താറുള്ളതെങ്കിലും ഓരോ റണ്‍സ് പിന്നിടുമ്പോഴും അയാള്‍ ഔട്ടാകാനുള്ള സാധ്യത വളരെക്കൂടുകയായിരുന്നു. വലിയ സ്‌കോറുകള്‍ പടുത്തുയര്‍ത്തുന്നതില്‍ മായങ്ക് തുടര്‍ച്ചയായി പരാജിതനാവുകയായിരുന്നു. അങ്ങനെ ആഭ്യന്തരക്രിക്കറ്റില്‍ റണ്‍സ് വരാതായപ്പോള്‍, മായങ്കിനൊപ്പമുള്ള പലരും കര്‍ണാടക ടീമില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്കും ചിലര്‍ ഇന്ത്യന്‍ എ ടീമിലേക്കും പോയിത്തുടങ്ങിയിരുന്നു.

ബെംഗളൂരുവിലെ ബിഷപ്പ് കോട്ടണ്‍ ഹില്‍ സ്‌കൂളിനു വേണ്ടിയായിരുന്നു മായങ്ക് ആദ്യമായി ജേഴ്‌സിയണിഞ്ഞത്. അന്നൊക്കെ സ്‌കൂളിന്റെ സ്റ്റാര്‍ ഓപ്പണറായിരുന്ന മായങ്ക്, പിന്നീട് 2008-09 സീസണില്‍ കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്നായി 54 റണ്‍സിന്റെ ശരാശരിയില്‍ 432 റണ്‍സ് അടിച്ചുകൂട്ടി. പിന്നെ, 2009-ല്‍ ഹൊബാര്‍ട്ടില്‍ വെച്ചു നടന്ന അണ്ടര്‍ 19 ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അടിച്ചുകൂട്ടിയ 160 റണ്‍സും കൂടിയായപ്പോള്‍ സെലക്ടര്‍മാരുടെ കണ്ണുകള്‍ ആ ചെറുപ്പക്കാരനില്‍ ഉടക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യ നിരാശപ്പെടുത്തിക്കളഞ്ഞ 2010-ലെ അണ്ടര്‍ 19 ലോകകപ്പില്‍ ആകെ ഒരാശ്വാസം മായങ്കായിരുന്നു. അന്ന് ഇന്ത്യന്‍ ടീമിന്റെ ടോപ്പറായിരുന്നു അയാള്‍. അതിനു ശേഷമാണ് ഇന്ത്യ എ ടീമിലേക്കെത്തുന്നത്. എന്നാല്‍ ഫോമിലെ സ്ഥിരതയില്ലായ്മ പ്രശ്‌നമായി.

2013-14 സീസണിലാണ് കര്‍ണാടകയ്ക്കു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങുന്നത്. 2014-15 സീസണിലും ടീമിലുണ്ടായിരുന്നു. എന്നാല്‍ മോശം ഫോം കാരണം പലപ്പോഴും റിസര്‍വ് ബെഞ്ചില്‍ത്തന്നെയായിരുന്നു.

മോശം ഫോം യഥാര്‍ഥത്തില്‍ തുടങ്ങുന്നത് 17-ാം വയസ്സില്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമിനു വേണ്ടിയുള്ള കളി കഴിയവെയാണ്. അക്കാലത്ത് മായങ്കിന്റെ ഷോട്ട് മികവിനായിരുന്നു കൈയടി ലഭിച്ചത്. ഇതാണു പിന്നീട് ഷോട്ടിലേക്കു മാത്രം ശ്രദ്ധയൂന്നാന്‍ കാരണമായത്. എന്നാല്‍ പ്രതിരോധത്തിലും ഫുട് മൂവ്‌മെന്റിലും ശ്രദ്ധ നഷ്ടപ്പെട്ട ആ താരത്തിനു വലിയ സ്‌കോറുകള്‍ നേടാനാകാതെ പോയി. മോശം ഫോം തുടര്‍ന്നപ്പോള്‍ മായങ്ക് സ്വയം വിമര്‍ശിക്കാന്‍ തുടങ്ങിയതായി സഹതാരം റോബിന്‍ ഉത്തപ്പ ഓര്‍ത്തെടുക്കുന്നു.

കഠിനാധ്വാനത്തിലൂടെ തിരിച്ചുവരവ്

പിന്നീട് മായങ്ക് ശ്രദ്ധിച്ചതു പരിശീലനത്തിലാണ്. ബെംഗളൂരുവിലെ തന്റെ പരിശീലനസമയം അയാള്‍ വര്‍ധിപ്പിച്ചു. ആക്രമണം മാത്രമല്ല, പ്രതിരോധ മേഖലയും അയാള്‍ ശ്രദ്ധിച്ചുതുടങ്ങി. സിംഗിളുകള്‍ നേടി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനായി പിന്നീട് ശ്രമം. മത്സരത്തിലേക്കു കടന്നപ്പോഴും ആ ചിന്ത തന്നെയായിരുന്നു മനസ്സില്‍. സിംഗിളുകളുടെ എണ്ണം ക്രമേണ കൂടാന്‍ തുടങ്ങി. ഏറ്റവും കുറഞ്ഞത് 30 സിംഗിളുകളാണ് എടുക്കേണ്ടതെന്ന് മായങ്ക് മനസ്സിലുറപ്പിച്ചിരുന്നതായി മുരളി പറയുന്നു. ഫോറുകള്‍ എണ്ണിയിരുന്ന മനസ്സ് പിന്നീട് സിംഗിളുകള്‍ എണ്ണാന്‍ തുടങ്ങി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മായങ്ക് എണ്ണിയത് 51 വരെയാണ്.

മണിക്കൂറുകള്‍ ഗ്രൗണ്ടില്‍ കളിച്ച ശേഷവും ക്ഷീണിതനായി നെറ്റ്‌സില്‍ എത്തുന്ന മായങ്കിനെ മുരളി ഓര്‍ത്തെടുക്കുന്നു. അതാണ് അയാളെ ഇവിടെയെത്തിച്ചതും. കൂടുതല്‍ പിഴവുകള്‍ കണ്ടെത്താനാണ് അയാള്‍ പിന്നീട് സമയം കണ്ടെത്തിയത്. അതു ചിലപ്പോള്‍ ഫുട് മൂവ്‌മെന്റാവാം. ചിലപ്പോള്‍ ഷോട്ടുകളാവാം, പന്തിലെ ശ്രദ്ധക്കുറവാകാം.

പിഴവുകള്‍ സ്വയം കണ്ടെത്തി തിരുത്തിയാണ് 2015-16 സീസണില്‍ കര്‍ണാടകയ്ക്കു വേണ്ടി രഞ്ജിയില്‍ മായങ്ക് ഇറങ്ങുന്നത്. തന്റെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് ആ സീസണില്‍ മായങ്ക് നേടിയത്. പിന്നീട് ഒരു ട്രിപ്പിള്‍ സെഞ്ചുറിയും മൂന്ന് സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളും. ശരാശരി 76.46. അടിച്ചുകൂട്ടിയത് ആകെ 1003 റണ്‍സ്. ഐ.പി.എല്ലിലും മോശമാക്കിയില്ല. 2011 മുതല്‍ തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയിറങ്ങി. അക്കാലത്തൊരു മത്സരത്തില്‍ അവസാന പന്തില്‍ സിക്‌സറിച്ച് അവരെ ജയിപ്പിച്ചതും മായങ്ക് തന്നെയായിരുന്നു. പിന്നീട് ദല്‍ഹി ഡെയര്‍ഡെവിള്‍സിന് ഒപ്പമായി. ഇപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലും.

ഒടുവില്‍ ഇന്ത്യന്‍ ടീമിലേക്ക് മായങ്കിനുള്ള വിളി വരുന്നത് അദ്ദേഹത്തിന്റെ 27-ാം വയസ്സില്‍. ഒപ്പമുണ്ടായിരുന്ന പലരും ടീമില്‍ നിന്നു പുറത്താകുന്ന സമയം. എന്നാല്‍ അരങ്ങേറ്റത്തില്‍ത്തന്നെ പിഴവുകള്‍ തിരുത്തിവന്ന ഒരു മനുഷ്യനെയാണു കാണാന്‍ സാധിച്ചത്. അര്‍ധസെഞ്ചുറിയോടെയായിരുന്നു തുടക്കം.

ഒടുവില്‍ എട്ട് ടെസ്റ്റ് മത്സരങ്ങളും 12 ഇന്നിങ്‌സുകളും പിന്നിടുമ്പോള്‍ നേടിയത്, രണ്ട് ഡബിള്‍ സെഞ്ചുറികളും മൂന്ന് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും അടക്കം 858 റണ്‍സ്. ശരാശരി 71.50.

മായങ്ക് തന്റെ കേളീശൈലി വാര്‍ത്തെടുത്തിരിക്കുന്നത് ഇന്ത്യയുടെ എക്കാലത്തെയും വലിയ ‘ഹിറ്റര്‍’ ആയ വീരേന്ദര്‍ സെവാഗിന്റെ ശൈലിയിലാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെയാവണം, ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 195-ല്‍ എത്തിനില്‍ക്കെ, അത്രമേല്‍ ആത്മവിശ്വാസത്തോടെ ആ മനുഷ്യന്‍ സെപ്പ് ഔട്ട് ചെയ്ത് ഗാലറിയിലേക്കു പന്തടിച്ച് ബാറ്റ് ചുഴറ്റി ആഘോഷിച്ചത്.

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more