രോഹിതിനു കഴിയാത്തത് അഗര്‍വാളിനു കഴിഞ്ഞു; വിശാഖപട്ടണത്ത് ഹീറോയായി യുവതാരം
India vs South Africa
രോഹിതിനു കഴിയാത്തത് അഗര്‍വാളിനു കഴിഞ്ഞു; വിശാഖപട്ടണത്ത് ഹീറോയായി യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd October 2019, 2:19 pm

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ തന്നെ തന്റെ ടീം പ്രവേശം തെറ്റായിപ്പോയില്ലെന്നു തെളിയിച്ച് യുവതാരം മായങ്ക് അഗര്‍വാള്‍. രോഹിത് ശര്‍മയ്ക്കു നേടാന്‍ കഴിയാതെപോയ ഡബിള്‍ സെഞ്ചുറി രണ്ടാം ദിനം നേടിയാണ് അഗര്‍വാള്‍ താരമായത്.

ഇതുവരെ അഗര്‍വാള്‍ 366 പന്തില്‍ 210 റണ്‍സ് എടുത്തിട്ടുണ്ട് . ഇന്നിങ്‌സില്‍ 22 ഫോറും ആറ് സിക്‌സറും ഉള്‍പ്പെടും. പേസര്‍മാരെയും സ്പിന്നര്‍മാരെയും അനായാസം നേരിട്ടായിരുന്നു അഗര്‍വാള്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്തത്.

അഗര്‍വാളിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ഇന്നു പിറന്നതു തന്നെയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യദിനം അനായാസം സ്‌കോര്‍ ചെയ്ത രോഹിത് ശര്‍മ രണ്ടാം ദിവസവും അതു തുടര്‍ന്നെങ്കിലും 176-ല്‍ നില്‍ക്കെ വീഴുകയായിരുന്നു.

244 പന്തില്‍ 23 ഫോറും ആറ് സിക്‌സറും അടക്കമാണ് രോഹിത് 176 റണ്‍സ് നേടിയത്. ഒടുവില്‍ കേശവ് മഹാരാജിനെ ക്രീസില്‍ നിന്നിറങ്ങി ആക്രമിക്കാനുള്ള തീരുമാനം സ്റ്റമ്പിങ്ങില്‍ അവസാനിക്കുകയായിരുന്നു.

അതിനു ശേഷം വന്ന ചേതേശ്വര്‍ പൂജാര (6), വിരാട് കോഹ്‌ലി (20) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനാകാതെ വന്നപ്പോഴും ഒരറ്റത്ത് അഗര്‍വാള്‍ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഓപ്പണിങ് വിക്കറ്റില്‍ രോഹിതും അഗര്‍വാളും ചേര്‍ന്ന് 317 റണ്‍സാണ് നേടിയത്. 82-ാം ഓവറിലാണ് ഈ കൂട്ടുകെട്ട് വീണത്.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി വെര്‍നന്‍ ഫിലാന്‍ഡറും കേശവ് മഹാരാജും സെനുരാന്‍ മുത്തുസ്വാമിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.