ഇന്‍ഡോറില്‍ 'ഇരട്ടച്ചങ്ക'നായി ഇന്ത്യന്‍ ഓപ്പണര്‍; ബംഗ്ലാദേശിനെതിരെ സമ്പൂര്‍ണ ആധിപത്യവുമായി ടീം ഇന്ത്യ
Cricket
ഇന്‍ഡോറില്‍ 'ഇരട്ടച്ചങ്ക'നായി ഇന്ത്യന്‍ ഓപ്പണര്‍; ബംഗ്ലാദേശിനെതിരെ സമ്പൂര്‍ണ ആധിപത്യവുമായി ടീം ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th November 2019, 4:04 pm

ഇന്‍ഡോര്‍: ‘വീരു സ്റ്റൈലി’ല്‍ സിക്‌സറടിച്ചൊരു ഡബിള്‍ സെഞ്ചുറി. ഇന്‍ഡോറില്‍ ബംഗ്ലാ കടുവകളെ കണക്കിനു പ്രഹരിച്ച് ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നേടിയത് കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ചുറി.

304 പന്തില്‍ 25 ഫോറിന്റെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെയാണ് അഗര്‍വാളിന്റെ നേട്ടം. ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 215 റണ്‍സിന്റെ ലീഡാണ് ഇതുവഴി ഇന്ത്യ നേടിയത്.

അഗര്‍വാളിന്റെ ഡബിളിനു പുറമേ പൂജാരയുടെ അര്‍ധസെഞ്ചുറിക്കരുത്തു കൂടി ചേര്‍ന്നപ്പോഴാണ് ബംഗ്ലാ ബൗളര്‍മാര്‍ക്ക് ഒരവസരം കൂടി നല്‍കാതെ ഇന്ത്യ അനായാസം മൂന്ന് സെഷനുകളിലും ആധിപത്യം പുലര്‍ത്തിയത്. 172 പന്തില്‍ ഒമ്പത് ഫോറിന്റെ സഹായത്തോടെയാണ് രഹാനെ 86 റണ്‍സെടുത്തത്. 190 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഗര്‍വാള്‍-രഹാനെ സഖ്യം നേടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യ ഇതുവരെ നാല് വിക്കറ്റിന് 365 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 215 റണ്‍സിന്റെ ലീഡുണ്ട്.

ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് 150 റണ്‍സിനു തകര്‍ന്നടിഞ്ഞതിന്റെ ആനുകൂല്യം മുതലാക്കിയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ പേസ് ബൗളിങ് പിച്ചായ ഹോള്‍ക്കറില്‍ ഇറങ്ങിയത്. എന്നാല്‍ എട്ടാം ഓവറില്‍ത്തന്നെ ഇന്നലെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടിരുന്നു.

രണ്ടാം ദിവസം അഗര്‍വാളിന്റെയും ചേതേശ്വര്‍ പൂജാരയുടെയും (54) കളിമികവിന്റെ കരുത്തില്‍ 105 റണ്‍സ് വരെയെത്തി. അവിടെ മൂന്നോവറുകള്‍ക്കുള്ളില്‍ രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൂജാരയ്ക്കു പുറമേ റണ്‍സൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പുറത്തായി. രണ്ടു പന്തുകള്‍ മാത്രമാണ് ക്യാപ്റ്റന് ആയുസ്സുണ്ടായിരുന്നത്. അബു ജയേദ് എറിഞ്ഞ പന്തില്‍ കോഹ്ലി വിക്കറ്റിനു മുന്നില്‍ കുടുങ്ങിയെങ്കിലും അമ്പയര്‍ അനുവദിച്ചില്ല. എന്നാല്‍ റിവ്യു നല്‍കിയ ബംഗ്ലാദേശ് അത് വിക്കറ്റായി മാറ്റുകയായിരുന്നു.

തുടര്‍ന്നാണ് അജിന്‍ക്യ രഹാനെ ക്രീസിലെത്തിയത്. ഇന്ത്യക്കു നഷ്ടപ്പെട്ട നാല് വിക്കറ്റുകളും നേടിയത് അബു ജയേദാണ്.