പുണെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും മേല്‍ക്കൈ പുലര്‍ത്തി ടീം ഇന്ത്യ. ആദ്യ ടെസ്റ്റിനു സമാനമായി ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 273 റണ്‍സെടുത്തു നില്‍ക്കുകയാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അര്‍ധസെഞ്ചുറിയുമായും (63), അജിന്‍ക്യ രഹാനെ 18 റണ്‍സുമായും ക്രീസിലുണ്ട്.
നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മെല്ലെത്തുടങ്ങിയ ഇന്ത്യക്ക്, സ്‌കോര്‍ 25-ല്‍ എത്തിനില്‍ക്കെ ആദ്യ പ്രഹരമേറ്റു. കഴിഞ്ഞ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മയായിരുന്നു ആദ്യ ഇര.
കാഗിസോ റബാഡയുടെ പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി രോഹിത് പുറത്തായി. പിന്നീടെത്തിയ ചേതേശ്വര്‍ പൂജാരയോടൊപ്പം മായങ്ക് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇരുവരും ട്രാക്കിലേക്കെത്തിയതോടെ രണ്ടാം വിക്കറ്റ് വീഴ്ത്താന്‍ ശ്രമിച്ചു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ക്ഷീണിച്ചു.
ഇതിനിടെ ഇരുവരും അര്‍ധസെഞ്ചുറികള്‍ പൂര്‍ത്തിയാക്കി. 112 പന്തില്‍ ഒരു സിക്‌സറും ഒമ്പത് ഫോറും അടക്കം 58 റണ്‍സെടുത്ത പൂജാരയെയും പുറത്താക്കിയത് റബാഡയായിരുന്നു. അപ്പോള്‍ സ്‌കോര്‍ 163.
പിന്നീടെത്തിയത് ക്യാപ്റ്റന്‍ തന്നെ. അതിനിടെ കരിയറിലെയും സിരീസിലെയും രണ്ടാമത്തെ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ ഓപ്പണിങ്ങില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
195 പന്തില്‍ രണ്ട് സിക്‌സറും 16 ഫോറുമടക്കം 108 റണ്‍സ് നേടിയ അഗര്‍വാളിനെയും പുറത്താക്കി ഇന്നാകെ വീണ മൂന്ന് വിക്കറ്റുകളും റബാഡ സ്വന്തമാക്കി.
മൂന്ന് വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ 198 എത്തിയിരുന്നു. എന്നാല്‍ ഒരറ്റത്ത് വിരാട് കോഹ്‌ലിയും മറുവശത്ത് പ്രതിരോധത്തിലൂന്നി രഹാനെയും നിലയുറപ്പിച്ചതോടെ ആദ്യ ദിനം കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താമെന്ന ദക്ഷിണാഫ്രിക്കയുടെയും റബാഡയുടെയും മോഹം നടന്നില്ല.
ഒരു മാറ്റവുമായായിരുന്നു ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. യുവതാരം ഹനുമ വിഹാരിയെ കരയ്ക്കിരുത്തി ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിന് ഈ മത്സരത്തില്‍ അവസരം നല്‍കി.