| Thursday, 17th November 2016, 4:21 pm

വിലക്കാന്‍ എനിക്ക് അധികാരമുണ്ടായിരുന്നില്ല: എന്നിട്ടും ഞാന്‍ വിലക്കി: ഖമറുന്നിസയെ തടഞ്ഞെന്ന വാര്‍ത്ത സ്ഥിരീകരിച്ച് മായിന്‍ ഹാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

“യൂത്ത് ലീഗ് സമ്മേളനമാണ് അവിടെ നടന്നത്. ഖമറുന്നിസയൊക്കെ പ്രസംഗിക്കണോ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടത് ഞാനല്ല. ആ പരിപാടിയുടെ പ്രോഗ്രാം കമ്മിറ്റി അംഗംപോലുമല്ല ഞാന്‍. ” അദ്ദേഹം പറഞ്ഞു.


കോഴിക്കോട്: കോഴിക്കോട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിനെ പ്രസംഗിക്കുന്നതില്‍ നിന്നും വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി മായിന്‍ ഹാജി. പൊതുസമ്മേളനത്തില്‍ സ്ത്രീകള്‍ പ്രസംഗിക്കാറില്ല എന്ന് താന്‍ ഖമറുന്നിസയോടു പറഞ്ഞെന്ന് മായിന്‍ ഹാജി ഡൂള്‍ന്യൂസിനോടു പറഞ്ഞു.

വ്യക്തിപരമായി സംസാരിച്ചതാണെന്നു പറഞ്ഞ് അദ്ദേഹം ഇതിനെ ന്യായീകരിക്കുകയും ചെയ്തു. “യൂത്ത് ലീഗ് സമ്മേളനമാണ് അവിടെ നടന്നത്. ഖമറുന്നിസയൊക്കെ പ്രസംഗിക്കണോ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടത് ഞാനല്ല. ആ പരിപാടിയുടെ പ്രോഗ്രാം കമ്മിറ്റി അംഗംപോലുമല്ല ഞാന്‍. ” അദ്ദേഹം പറഞ്ഞു.

“ഖമറുന്നിസയും ഞാനും സഹപ്രവര്‍ത്തകരാണ്. ഞങ്ങള്‍ പലതും സംസാരിക്കും, അങ്ങനെ സംസാരിക്കുന്നതൊക്കെ എടുത്ത് കൊടുത്താല്‍ പിന്നെ നിവൃത്തിയില്ലല്ലോ” ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.

അതേസമയം സ്ത്രീകള്‍ ആണുങ്ങളോട് സംസാരിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

“അവരുമായിട്ടുള്ള സംഭാഷണത്തില്‍ ഞാന്‍ പറഞ്ഞത് മുസ്‌ലിം ലീഗിന്റെ പൊതുസമ്മേളനത്തില്‍ സ്ത്രീകള്‍ പ്രസംഗിക്കാറില്ല എന്നാണ്. സ്ത്രീകള്‍ ആണുങ്ങളുടെ വേദിയില്‍ സംസാരിച്ചിട്ടില്ല എന്നൊന്നും പറയാന്‍ കഴിയില്ല. നൂര്‍ബിന റഷീദ് സംസാരിക്കുമ്പോള്‍ ആ വേദിയിലെ ഫോട്ടോ എടുത്തുനോക്കിയാല്‍ അതില്‍ ഒന്നാമത് കാണാനാകുക എന്നെയാണ്. വനിതാ ലീഗ് സമ്മേളനത്തിനും സ്ത്രീകള്‍ പ്രസംഗിക്കാറുണ്ട്. ” അദ്ദേഹം പറഞ്ഞു.

പൊതുസമ്മേളന വേദിയില്‍ പ്രസംഗിക്കുന്നതില്‍ സ്ത്രീകളെ വിലക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ “മുസ്‌ലിം ലീഗില്‍ അങ്ങനെയാണെന്നും അതിന്റെ കാരണമൊന്നും തനിക്കറിയില്ലെന്നും” അദ്ദേഹം പ്രതികരിച്ചു.

കോഴിക്കോട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനവേദിയില്‍ പ്രസംഗിക്കുന്നതില്‍ നിന്നും ഖമറുന്നിസ അന്‍വറിനെ വിലക്കിയ മായിന്‍ഹാജിയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. “ഇത് ചരിത്രത്തിലില്ലാത്തതാണ്. സ്ത്രീകള്‍ ആണുങ്ങളോട് പ്രസംഗിക്കുന്നത്. മുജാഹിദ് പ്രസ്ഥാനം പോലും ചെയ്യില്ല” എന്നു മായിന്‍ഹാജി ഖമറുന്നിസയോടു പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തനിക്കു പ്രസംഗിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന വസ്തുത ഖമറുന്നിസ അന്‍വറും ഡൂള്‍ന്യൂസിനോടു സ്ഥിരീകരിച്ചിരുന്നു. ഇതുസംബന്ധിച്ച് വിവാദങ്ങള്‍ക്കില്ലെന്നും പരാതിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയകളിലും മറ്റും ലീഗിനെതിരെയും മായിന്‍ഹാജിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more