റാണിപത്മിനിക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി ഹിറ്റിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ചിത്രത്തിനെതിരെ പ്രചരണങ്ങള്‍ ശക്തമായപ്പോഴും അതിനെയെല്ലാം പിന്തള്ളി ചിത്രം കുതിക്കുകയാണ്. നിരവധി നിരൂപണങ്ങളാണ് ചിത്രത്തെ കുറിച്ച് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ വളരെ വ്യത്യസ്തമായി മായാനദി ഒരു സൈക്കളോജിക്കല്‍ ഹൊറര്‍ മൂവിയാണ് എന്ന രീതിയില്‍ പുതിയ ഒരു നിരൂപണം അവതരിപ്പിച്ചിരിക്കുകയാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ പ്രവീണ്‍ ഉണ്ണികൃഷ്ണന്‍.
മായാനദി ഒരു മികച്ച റൊമാന്റിക് ഹൊറര്‍ ത്രില്ലര്‍ ആണെന്നാണ് പ്രവീണിന്റെ കണ്ടുപിടുത്തം. എന്നാല്‍ ചുമ്മാ സിനിമ ഹൊറര്‍ ആണെന്ന് പറയുകയല്ല പ്രവീണ്‍. അതിനുള്ള കാരണങ്ങളും അയാള്‍ അവതരിപ്പിക്കുന്നുണ്ട് സിനിമ കണ്ടവര്‍ക്ക് പോലും സംശയമുണ്ടാക്കുന്ന രീതിയിലാണ് പ്രവീണിന്റെ നിരൂപണം. കുറച്ച് ഭാവനയും സിനിമയിലെ സീനുകളെ വിശകലനം ചെയ്തുമാണ് പ്രവീണ്‍ തന്റെ ബ്ലോഗില്‍ നിരൂപണം എഴുതിയിരിക്കുന്നത്.
കുറച്ച് ഭാവനയില്‍ സിനിമ നമ്മള്‍ ചിന്തിക്കുന്ന രീതിയിലായിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ആലോചിച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരു റിവ്യു ചെയ്തതെന്നാണ് പ്രവീണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. ബാലസാഹ്യത്യത്തില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ള പ്രവീണ്‍ ഇപ്പോള്‍ അമൃതയില്‍ റിസേര്‍ച്ച് അസോസിയേറ്റ് ആണ്.
പ്രവീണിന്റെ റിവ്യു വായിക്കാം
“മായനദി”” കണ്ട പ്രേക്ഷകരില്‍ പലരും ചോദിച്ച ചോദ്യങ്ങളില്‍ ഒന്നാണ് ഈ ചിത്രവും പേരും തമ്മിലുള്ള ബന്ധം എന്താണ് എന്നത്. പ്രേക്ഷകരില്‍ എത്ര പേര്‍ ഈ ചിത്രത്തെ ശരിയായ വിധത്തില്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പ് വരുതാനാകില്ല. ഒട്ടേറെ സംശയങ്ങള്‍ മനസ്സില്‍ അവശേഷിപ്പിച്ച് കൊണ്ടുതന്നെയാണ് ചിത്രം അവസാനിക്കുന്നതും. ഒരുപക്ഷേ ആഷിക് അബു എന്ന സംവിധായകനുമായി എന്നിലെ പ്രേക്ഷകന്‍ നേരിട്ട് ആശയവിനിമയം നടത്തിക്കഴിഞ്ഞ ശേഷം മാത്രമാണ് സിനിമയുടെ യഥാര്‍ത്ഥ മൂല്യം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. കൂടുതല്‍ ഗ്രഹിക്കാനായി സിനിമ വീണ്ടും കാണുകയും ചെയ്തു. ഒരുപക്ഷേ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ – ഹൊറര്‍ – ത്രില്ലര്‍ സിനിമ ഇത് തന്നെയാണ്. പ്രണയത്തിന്റെ തീവ്രതയില്‍ കൂടി സഞ്ചരിക്കുനതിനാല്‍ മറ്റൊരുതരത്തില്‍ കാണാനാണ് അധികം പ്രേക്ഷകരും ശ്രമിച്ചത് എന്ന് മാത്രം. സിനിമയുടെ സസ്‌പെന്‍സ് പുറത്ത് വിടുന്നത് ശരിയല്ല എന്നറിയാം. പക്ഷേ ഈ സിനിമയില്‍ മറിച്ചാണ്. കഥ ഗ്രഹിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രം ഒരു ചലച്ചിത്രവും പരാജയപ്പെടരുത് എന്നു പൂര്‍ണമായും ഞാന്‍ വിശ്വസിക്കുന്നു.
നിങ്ങള്‍ കണ്ട കഥ
ജീവിതത്തില്‍ വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കുന്ന അപര്‍ണ(ഐശ്വര്യ) എന്ന പെണ്‍കുട്ടിയുടെ ജീവിതതില്‍ക്കൂടി ചിത്രം സഞ്ചരിക്കുന്നു. പഠിച്ചിരുന്ന കാലത്ത് മാത്തന്‍(ടോവിനോ) എന്ന അനാഥനായ യുവാവുമായി ഉണ്ടായിരുന്ന തീവ്രമായ അനുരാഗം വിശ്വസനീയമായ തെറ്റിദ്ധാരണകള്‍ മൂലം അവസാനിക്കുന്നുണ്ട്. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ജീവിതം തള്ളിനീക്കുന്ന അപര്‍ണയുടെ മനസ്സിന്റെ ഒരു കോണില്‍ മാത്തനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവള്‍ പോലും അറിയാതെ അവശേഷിക്കുന്നു.
തുടര്‍ന്ന് അപ്രതീക്ഷിതമായി മാത്തന്റെ ഫോണ്‍ കോള്‍ അപര്‍ണക്ക് വരുന്നതോടെ കഥയുടെ ഗതി തന്നെ മാറുന്നു. തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നതിനാല്‍ ബന്ധം തുടരാന്‍ കഴിയില്ല എന്ന് തുറന്നു പറയുന്നു എങ്കിലും പൂര്‍വാധികം തീവ്രമായ പ്രണയത്തോടെ അവള്‍ അവനിലേക്ക് അടുക്കുന്നു. നടി ആകണം എന്ന അവളുടെ ആഗ്രഹം നേടിയെടുക്കാന്‍ അവളെ പല ഘട്ടങ്ങളിലും സഹായിക്കുന്നത് മാത്തനാണ്. അപ്പോഴും മാത്തന്റെ പൂര്‍വകാലം മനസ്സിലാക്കാന്‍ അവള്‍ ശ്രമിക്കുന്നില്ല.
ചെറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മാത്തന്‍ യാദൃശ്ചികമായി ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും കുറച്ചു പണവുമായി രക്ഷപ്പെടുകയും ആയിരുന്നു എന്ന സത്യം അപര്‍ണ തിരിച്ചറിയുന്നില്ല. സ്ഥിരമായി ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത മാത്തനെ കണ്ടെത്താനുള്ള പോലീസിന്റെ ഏക മാര്‍ഗ്ഗം അപര്‍ണ മാത്രമായിരുന്നു. അപര്‍ണയിലൂടെ മാത്തനെ അറസ്റ്റ് ചെയ്യുന്ന പോലീസ് അവനെ കോടതിയുടെ ദാക്ഷിണ്യത്തിനു വിട്ടു നല്‍കാതെ വധിക്കുന്നു. മാത്തനെ പോലീസ് വധിച്ചത് അപര്‍ണ ഉള്‍പ്പടെയുള്ള പൊതു സമൂഹം അറിയുന്നില്ല. ഒട്ടേറെ ആഗ്രഹിച്ച കരിയര്‍ അപര്‍ണയ്ക്ക് ലഭിക്കുമ്പോഴും മാത്തന്റെ തിരിച്ചു വരവിനായി അപര്‍ണ കാത്തിരിക്കുന്നിടത്ത് ചിത്രം അവസാനിക്കുകയാണ്.
യഥാര്‍ത്ഥ കഥ
മായാനദി എന്ന പേരില്‍ തന്നെയാണ് ഈ ചിത്രത്തിന്റെ തുടക്കവും ഒടുക്കവും എല്ലാം. ജീവിതത്തില്‍ വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കുന്ന അപര്‍ണ(ഐശ്വര്യ) എന്ന പെണ്‍കുട്ടി കാണുന്ന മായക്കാഴ്ചകളില്‍ കൂടി ചിത്രം സഞ്ചരിക്കുന്നു. കരിയറില്‍ ഉയര്‍ച്ച ഉണ്ടാകാതെ ക്ലേശങ്ങള്‍ അനുഭവിക്കുന്ന അപര്‍ണ തന്റെ സുഹൃത്തും അറിയപ്പെടുന്ന നടിയുമായ സമീറയുടെ ഫ്‌ലാറ്റിലേക്ക് എത്തിച്ചേരുന്നു. അല്‍പ സമയത്തിന് ശേഷം അവിടെ എത്തുന്ന സമീറ തനിക്ക് ലഭിച്ച ഒരു ഗിഫ്റ്റ് ഓപ്പണ്‍ ചെയ്യാന്‍ അപര്‍ണയുടെയും സുഹൃത്തിന്റെയും സഹായം സ്വീകരിക്കുന്നു. ഒരുപക്ഷെ ഇതായിരുന്നു സിനിമയിലെ ഏറ്റവും പ്രാധാന്യമുള്ള സീന്‍.
ഗിഫ്റ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ കീറിയെറിഞ്ഞ പത്രക്കടലാസില്‍ ഉള്ള ഒരു വാര്‍ത്ത കുറച്ചു നേരത്തേക്ക് ക്യാമറ ഒപ്പിയെടുക്കുന്നുണ്ട്. പലരും കണ്ടിട്ടില്ലാത്ത ആ സീനില്‍ കാണിക്കുന്നത് സ്വീകരിക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍ ഉള്ള മാത്തനെയാണ്. മാത്തന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച പഴയകാല ഫോട്ടോ നല്‍കിയിട്ടുണ്ട്.(പിന്നീട് സമീറ മടങ്ങി പോകുന്നതിന് മുന്‍പത്തെ രാത്രി അപര്‍ണ സുഹൃത്തുക്കളോട് മാത്തനെ പറ്റി വിവരിക്കുന്നത് ഈ ഫോട്ടോ കാട്ടിയാണ്.) ചിത്രത്തിന്റെ ആരംഭാവസ്ഥയില്‍ തന്നെ കൊല്ലപ്പെട്ട് കഴിഞ്ഞ മാത്തനെയാണ് പിന്നീട് അപര്‍ണ കാണുന്നതും സംസാരിക്കുന്നതും. മരിക്കുന്നതിന് മുന്‍പുള്ള മാത്തന്റെ അവസാന ആഗ്രഹം അപര്‍ണയുടെ സക്‌സസ്ഫുള്‍ കരിയര്‍ മാത്രം ആയിരുന്നു. അപര്‍ണക്ക് ഒപ്പം ചേര്‍ന്ന് അവളുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സഹായിച്ച ആത്മാവിനെയാണ് പ്രേക്ഷകന്‍ ജീവിച്ചിരിക്കുന്നതും പോലീസ് തേടുന്നതുമായ കാമുകനായി തെറ്റിദ്ധരിച്ചത്.
ചിത്രത്തിലെ സീനുകള്‍ മറ്റൊരു ഓര്‍ഡറില്‍ ചിന്തിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമേ ഉള്ളു. പോലീസില്‍ നിന്നും മാത്തനെപ്പറ്റിയുള്ള വിവരങ്ങള്‍ തിരിച്ചരിയുന്ന അപര്‍ണ മാത്തന്‍ തന്നെ വഞ്ചിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്നു. അവനെ റെസ്റ്റോറന്റ് ലേക്ക് (McDonald”s) ക്ഷണിച്ചുവരുത്തി പോലീസ് അറസ്റ്റ് ചെയ്യുന്നു. കോടതിയില്‍ എത്താതെ മാത്തനെ പോലീസ് എന്‍കൌണ്ടര്‍ ചെയ്യുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് അപര്‍ണ സമീറയുടെ ഫ്‌ലാറ്റില്‍ എത്തുന്നത്. അവിടെയെത്തിയ പത്രത്തില്‍ മാത്തന്റെ മരണ വാര്‍ത്ത കാണിക്കുന്നുണ്ട്. തുടര്‍ന്ന് ഫോണില്‍ മാത്തന്റെ കോള്‍ വരികയും അപര്‍ണയുമായി അടുക്കുകയും ചെയ്യുന്നു. പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുന്ന അപര്‍ണയെ മാത്തന്‍ സഹായിക്കുന്നു. ഓഡിഷന് ശേഷവും സിനിമയിലെ വേഷം നഷ്ടപ്പെടാന്‍ പോകുന്നു എന്ന് തോന്നുന്ന ഘട്ടത്തില്‍ സമീറയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും മാത്തന്റെ ആത്മാവാണ്.. അപര്‍ണയുടെ ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം മാത്തന്റെ ആത്മാവ് അവളെ തേടി എത്തുന്നില്ല. മാത്തന്‍ കൊല്ലപ്പെട്ടത് അറിയാതെ അപര്‍ണ അവനെ കാത്തിരിക്കുന്നിടത്ത് ചിത്രം പൂര്‍ത്തിയാകുന്നു.
സംശയങ്ങള്‍
ആത്മാവിനെ കാണുന്നത് അപര്‍ണ മാത്രം അല്ല?
മാത്തനെ അപര്‍ണയുടെ സഹോദരിയും അമ്മയും കാണുന്ന സീനുകള്‍ ചിത്രത്തില്‍ ഉണ്ട്. പക്ഷേ സൂക്ഷിച്ചു നോക്കിയാല്‍ അത് രണ്ടു കാലഘട്ടം ആയിരുന്നു എന്ന് കാണാം. ഉദാഹരണമായി സഹോദരി മാത്തനെ കാണുമ്പോള്‍ അവര്‍ ഗര്‍ഭിണി അല്ല. അപര്‍ണ മാത്തനെ മുന്‍പ് പ്രണയിച്ചിരുന്നപ്പോള്‍ ഉള്ള സീനുകള്‍ ആണ് അവ. (ചുംബന സീന്‍ പോലെയുള്ള ഒരു ഫ്‌ലാഷ് ബാക്ക്). പിന്നീട് സെറ്റില്‍ ആകാന്‍ സഹോദരി പറയുന്ന സമയത്ത് അവര്‍ മാത്തനെ കാണുന്നില്ല. അപ്പോള്‍ ഗര്‍ഭിണി ആണ്. അപര്‍ണ പറഞ്ഞ വിവരങ്ങള്‍ വെച്ചാണ് സഹോദരി ഉപദേശം നല്‍കുന്നത്.
അപര്‍ണയുടെ വീട്ടില്‍ വെച്ച് മാത്തനെ അപര്‍ണയുടെ അമ്മ കാണുന്നുണ്ട്. അതും കുറെ കാലം മുന്‍പുള്ള ഫ്‌ലാഷ്ബാക്ക് ആണ്. അപര്‍ണയുടെ വീട് കാണിക്കുന്ന സീന്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും. ഡോക്ടര്‍ പ്രാക്റ്റീസ് ചെയ്യുന്ന റൂം, കലണ്ടര്‍, etc. മാത്തന്റെ കഥാപാത്രം ആശാന്‍ എന്ന കഥാപാത്രത്തെ കാണുന്ന സീനുകളും കൊല്ലപ്പെടുന്നതിന് മുന്‍പ് ആണ്.
ഇത്ര മനോഹരമായി ചിത്രീകരിച്ച ഒരു ഹൊറര്‍ സിനിമ ഈ അടുത്തകാലത്ത് ഉണ്ടായിട്ടില്ല എന്ന് വേണം കരുതാന്‍. മായാനദി എന്ന നാമത്തിന്റെ അര്‍ഥം തന്നെയാണ് ഇതിന് സിനിമയുമായി ഉള്ള ബന്ധം. മായക്കാഴ്ചകളുടെ നദി തന്നെയാണ് ഈ ചിത്രം. കണ്ടാലും കണ്ടാലും മതിവരാത്ത, അവസാനിക്കാത്ത മായക്കാഴ്ചകള്‍