[]അഹമ്മദാബാദ്: നരോദ പാട്യ കൂട്ടകൊലക്കേസില്‍ 28 വര്‍ഷം തടവ് ശിക്ഷയക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രിയും മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വലംകൈയുമായിരുന്ന മായ കോട്‌നാനിക്ക് ജാമ്യം അനുവദിച്ചു.
ഗുജറാത്ത് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്കാണ് ജാമ്യം. ആരോഗ്യകാരണങ്ങളാലാണ് ജാമ്യം അനുവദിച്ചത്.
2012 ഓഗസ്റ്റിലായിരുന്നു ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.
നരോദ പാട്യയില്‍ 97 പേരുടെ കൂട്ടക്കൊലയ്ക്ക് മായകൊട്‌നാനി ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇവരെ തടവിന് ശിക്ഷിച്ചത്.
കേസില്‍ 2012ല്‍ അഹമ്മദാബാദ് പ്രത്യേക കോടതി മായ കോട്‌നാനി ഉള്‍പ്പെടെ മുപ്പത്തിരണ്ട് പേര്‍ക്ക് ശിക്ഷ വിധിച്ചിരുന്നു.
കലാപം ആസൂത്രണം ചെയ്തതിന് പിന്നില്‍ കോട്‌നാനിയുമുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ മായ കോട്‌നാനി, ബാബു ബജ്‌റംഗി എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെ കോട്‌നാനിക്ക് വധശിക്ഷ നല്‍കരുതെന്ന ആവശ്യവുമായി സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കോട്‌നാനിക്ക് വധശിക്ഷ ശുപാര്‍ശ ചെയ്യുന്നതിന് മുമ്പായി അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം അറിയണമെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്.
എന്നാല്‍ കേസില്‍ ബജ്‌രംഗ്ദള്‍ നേതാവ് ബാബു ബജ്‌രംഗിക്ക് മരണം വരെ തടവും എട്ട് പേര്‍ക്ക് 31 വര്‍ഷം തടവും 22 പേര്‍ക്ക് 24 വര്‍ഷം തടവും വിധിച്ചു.
നരോദ്യയെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയില്‍ എത്തിയിട്ടുള്ള കൊട്‌നാനി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലെ വനിതശിശു ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന മായ കോട്‌നാനി 2002ല്‍ നരോദാ പാട്യ കൂട്ടക്കൊലക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജി വെക്കുകയായിരുന്നു.
2002ലെ ഗോധ്ര സംഭവത്തിനു ശേഷം ഫിബ്രവരി 28ന് വി.എച്ച്.പി. ആഹ്വാനംചെയ്ത ബന്ദിനിടെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് നേരെ സംഘടിതമായ ആക്രമണം നടക്കുകയായിരുന്നു. 97 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. 33 പേര്‍ക്ക് പരിക്കേറ്റു.