ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും വേണമെന്ന് വിചാരണ കോടതി.
വിചാരണ നടക്കുന്ന ലഖിംപൂര്‍ ഖേരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
208 സാക്ഷികളാണ് കേസിലുള്ളതെന്നും അവരുടെ വിസ്താരവും, എതിര്‍ വിസ്താരവും പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷം വരെ സമയം ആവശ്യമാണെന്നും വിചാരണ കോടതി ജഡ്ജ് പറഞ്ഞതായി സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. സാക്ഷികളെ കൂടാതെ 171 രേഖകളും, 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണ് കേസിലുള്ളത്.
എന്നാല്‍, കേസില്‍ ദൈനംദിന വാദം കേള്‍ക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
കേസിലെ സാക്ഷികളില്‍ പലരും ഭീഷണി നേരിടുകയാണെന്നും, മൂന്ന് പേര്‍ക്ക് നേരെ കൈയേറ്റം ഉണ്ടായതായും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ആരോപണം ആശിഷ് മിശ്രയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി നിഷേധിച്ചു. ദൈനംദിന വാദം കേള്‍ക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തെയും അദ്ദേഹം എതിര്‍ത്തു.
ആശിഷ് മിശ്ര നല്‍കിയ കേസിലെ ജാമ്യ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 13ലേക്ക് മാറ്റി.
കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ആശിഷ് മിശ്രയുടെ പേരില്‍ കുറ്റം ചുമത്തിക്കൊണ്ട് ലഖിംപൂര്‍ ഖേരി കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഡിസംബര്‍ 16ന് കേസിന്റെ വിചാരണ ആരംഭിക്കുകയായിരുന്നു.
2021 ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തിരുന്ന കര്‍ഷക സംഘത്തിനിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയത്.
ആശിഷ് മിശ്രയുടെ പിതാവും ബി.ജെ.പി നേതാവുമായ അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഥാര്‍ ഉള്‍പ്പെടെ മൂന്ന് എസ്.യു.വികളുടെ വാഹനവ്യൂഹമാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പാഞ്ഞുകയറിയത്.
ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആറ് കര്‍ഷകരേയും അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ആശിഷ് മിശ്രക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സുപ്രീം കോടതി ഇടപെടലിന് ശേഷം ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.