'ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല'; 'അമ്മ'യില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് രമ്യാ നമ്പീശന്‍
Kerala News
'ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല'; 'അമ്മ'യില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് രമ്യാ നമ്പീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th June 2018, 9:19 pm

കോഴിക്കോട്: താരസംഘടനയായ അമ്മയില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് നടി രമ്യാ നമ്പീശന്‍. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലാണ് രമ്യയുടെ പ്രതികരണം.

” നിരുത്തരവാദിത്വപരമായ തീരുമാനം ഒരു സംഘടന എടുക്കാമോ എന്നാണ് എന്റെ ചോദ്യം. അവിടെ നിന്ന് പോരാടിയിട്ട് കാര്യമില്ല എന്ന ബോധ്യത്തിന്റെ പുറത്താണ് രാജിവെച്ചത്. ഇപ്പോള്‍ വ്യക്തിപരമായിട്ടാണ് നാലുപേര്‍ രാജിവെച്ചത്. വഴിയെ കൂടുതല്‍ പേര്‍ ഈയൊരു രാജിയിലേക്ക് വരുമെന്ന് തന്നെയാണ് പറയാനുള്ളത്.”

ALSO READ: ‘അമ്മ’യില്‍ നിന്ന് രാജിവെച്ച നടിമാരുടേത് ധീരമായ നടപടി; നടിമാര്‍ക്ക് പിന്തുണയുമായി വി.എസ്

ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല. ഡബ്യു.സി.സിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

ഭാവന, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണു അമ്മയില്‍ നിന്ന് രാജിവെച്ചത്. “അവള്‍ക്കൊപ്പം ഞങ്ങളും രാജി വയ്ക്കുന്നു” എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നടിമാര്‍ രാജിപ്രഖ്യാപിച്ചത്.

കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അമ്മ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ അമ്മ ഓര്‍ത്തില്ല. തങ്ങളുടെ രാജി അമ്മയുടെ തീരുമാനം തിരുത്തുന്നതിനു കാരണമാകട്ടെ എന്ന് ആശിക്കുന്നുവെന്നും നടിമാരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.