ന്യൂദല്‍ഹി: ദല്‍ഹി ഇന്ത്യന്‍ ആര്‍മി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന പ്രണബ് മുഖര്‍ജിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. കഴിഞ്ഞ വര്‍ഷം ഈ സമയം അച്ഛനെ ഓര്‍ത്ത് അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്‌തെന്നും എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം ഒരു വിഷമഘട്ടത്തേയാണ് താന്‍ നേരിടുന്നതെന്നും ശര്‍മിഷ്ഠ ട്വിറ്ററില്‍ കുറച്ചു.
‘കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 8 ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. അന്നാണ് എന്റെ അച്ഛന് ഭാരത് രത്‌ന പുരസ്‌കാരം ലഭിച്ചത്. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം അദ്ദേഹം ഗുരുതരാവസ്ഥയിലായിരിക്കുകയാണ്. ദൈവം അദ്ദേഹത്തിനായി ഏറ്റവും മികച്ചത് തന്നെ ചെയ്യട്ടെ. സന്തോഷവും സങ്കടങ്ങളും സ്വീകരിക്കാനുള്ള ശക്തിയും ഞങ്ങള്‍ക്ക് നല്‍കട്ടെ. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച എല്ലാവരോടും ആത്മാര്‍ത്ഥമായി നന്ദി പറയുന്നു’, ശര്‍മിഷ്ഠ മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തലച്ചോറില്‍ സര്‍ജറി കഴിഞ്ഞ പ്രണബിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
വെന്റിലേറ്ററിന്‍ സഹായത്തിലാണ് മുന്‍ രാഷ്ട്രപതി കഴിയുന്നതെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.