|

ബാഹ്യസമ്മര്‍ദം കാരണം മൊഴിമാറ്റിയേക്കാം; പോക്‌സോ കേസുകളില്‍ ഒത്തുതീര്‍പ്പുകള്‍ ഗൗരവത്തോടെ കാണണം: ബാലവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് പീഡനത്തിന് ഇരയാകുന്ന കുട്ടികള്‍ ബാഹ്യസമ്മര്‍ദം കാരണം മൊഴിമാറ്റി പറയുന്നത് കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നതിനാല്‍ പ്രതിയും അതീജീവിതയും തമ്മിലുണ്ടാവുന്ന ഒത്തുതീര്‍പ്പുകള്‍ ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. റിപ്പോര്‍ട്ട് ചെയ്യുന്ന പോക്‌സോ കേസുകളില്‍ ഒത്തുതീര്‍പ്പുകളിലും ബാഹ്യസമ്മര്‍ങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ അഡ്വ. കെ.വി. മനോജ് പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ച് സംസ്ഥാന ബാലവകാശ കമ്മീഷനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 182 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അതില്‍ 109 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പോക്‌സോ കേസിന്റെ വിചാരണയ്ക്കായി പ്രതികളെ അതീജീവിതകള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്ന കാര്യം പരിഗണിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കൂളുകളില്‍ പോക്‌സോ നിയമം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

അതേസമയം കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നത് പോലെ തന്നെ പാരന്റിങ് പരിശീലനം നടത്തണമെന്നും കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഇന്റര്‍നെറ്റ്, മൊബൈല്‍ ഉപയോഗം നിയന്ത്രിക്കുന്നതിനും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായുമെല്ലാം രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക സ്ഥാപനം ആവശ്യമാണെന്ന കാര്യത്തിലുള്‍പ്പെടെ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. ബാലവകാശ കമ്മീഷന്‍ അംഗം ബി. മോഹന്‍ കുമാര്‍, പൊലീസ്, എക്‌സൈസ്, വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം, ആരോഗ്യം, സമൂഹ്യനീതി തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlight: May change due to external pressure; Settlements in POCSO cases should be taken seriously: Child Rights Commission