സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തിനും മനുഷ്യവംശത്തിന്റെ തന്നെ നിലനില്‍പ്പിനും ആരോഗ്യകരമായ ആര്‍ത്തവം അനിവാര്യമാണ്. വ്യക്തികള്‍ക്കനുസരിച്ച് മാറാമെങ്കിലും പൊതുവെ ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം 28 ദിവസമാണ്. അഞ്ചു ദിവസമാണ് പൊതുവായി ആര്‍ത്തവദിനങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് അഞ്ചാമത്തെ മാസമായ മേയ് 28 ന് ആര്‍ത്തവശുചിത്വദിനമായി ആചരിക്കുന്നത്.
ആര്‍ത്തവ ശുചിത്വത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള അവബോധമാണ് ഈ ദിനം മുന്നോട്ടുവെയ്ക്കുന്നത്. ആര്‍ത്തവത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും കെട്ടുകഥകളും തള്ളിക്കളഞ്ഞ് ശുചിത്വ ആര്‍ത്തവം എന്ന ആശയത്തിലൂന്നിയ വിവിധ പരിപാടികള്‍ ഈ ദിനത്തോടനുന്ധിച്ച് ലോക വ്യാപകമായി നടക്കുന്നു.
മനുഷ്യന്റെ പ്രത്യുത്പാദന സംവിധാനത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തതിനാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും – അത് ഗ്രാമങ്ങളോ പട്ടണങ്ങളോ ആകട്ടെ- സാക്ഷരരോ നിരക്ഷരരോ ആകട്ടെ- ആര്‍ത്തവം ഇപ്പോഴും വിലക്കുകള്‍ നിറഞ്ഞതാണ് .
ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള വിലക്കുകള്‍ പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകല്‍, കായിക ഇനങ്ങളില്‍ പങ്കെടുക്കല്‍, സുഹൃത്തുക്കളുമായി സമയം ചിലവഴിക്കല്‍ , ചടങ്ങുകളില്‍ പങ്കെടുക്കല്‍ എന്നിവയില്‍ നിന്നെല്ലാം തടയുന്ന സ്ഥിതി പലയിടത്തും നിലനില്‍ക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസപരമായ കഴിവുകളുടെ പ്രകടനത്തേയും ദിനചര്യകളെ പോലും ബാധിക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ അനാവശ്യ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷനേടാന്‍ അവരെ സഹായിക്കും.
ആര്‍ത്തവം തുടങ്ങുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായി എന്ന് ചിന്തിക്കുന്നവരുണ്ട്. പെണ്‍കുട്ടിക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയുമെന്നതിനാല്‍ അവള്‍ വിവാഹത്തിന് തയ്യാറായി എന്ന ധാരണയും ചിലയിടത്ത് നിലനില്‍ക്കുന്നു.
വിവിധ പഠനങ്ങളനുസരിച്ച് ആര്‍ത്തവം ആരംഭിക്കുന്നതിന് മുന്‍പ് അന്‍പത് ശതമാനം പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഇതേക്കുറിച്ച് അറിവ് ലഭിക്കുന്നുള്ളു. ഈ വിവരങ്ങള്‍ പ്രധാനമായും ലഭിക്കുന്നത് അമ്മയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ്. ഇവ പരിമിതമായതോ തെറ്റായതോ ഭാഗികമായതോ ആകാം എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ആര്‍ത്തവത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതു മാത്രമാണ് മിഥ്യാധാരണകളും വിലക്കുകളും നേരിടാനുള്ള ഏക മാര്‍ഗം. 2023-ലെ ഇന്ത്യ സാക്ഷരതയിലും (ഏതാണ്ട് 70% വര്‍ദ്ധനവ്) മറ്റ് മാനവ വികസന സൂചകങ്ങളിലും ഗണ്യമായ പുരോഗതി കൈവരിച്ചു. അതിനാല്‍ തന്നെ ആര്‍ത്തവം സംബന്ധിച്ച അനാവശ്യ നിയന്ത്രണങ്ങളോടും വിലക്കുകളോടും നോ പറയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
ശരിയായ അറിവുകളുടെ അഭാവംമൂലം സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റൊരു തെറ്റിദ്ധാരണയാണ് ആര്‍ത്തവം അസുഖമാണ് എന്നത്. ആര്‍ത്തവം സംബന്ധിച്ച നിയന്ത്രണങ്ങളുടെ ബാഹുല്യം ഇത് ഒരു രോഗമായി കണക്കാക്കാനുള്ള പ്രേരണകൂടിയായി മാറുന്നു. പ്രത്യുല്‍പ്പാദനശേഷി നേടുന്ന പുരുഷന്‍മാരും ആണ്‍കുട്ടികളും നിയന്ത്രണങ്ങള്‍ നേരിടുന്നില്ലെങ്കില്‍ സ്ത്രീകള്‍ മാത്രം എന്തിന് നേരിടണം എന്ന ലിംഗസമത്വത്തിലൂന്നിയ ചോദ്യത്തിന് സമൂഹം ഉത്തരം നല്‍കേണ്ടതുണ്ട്.
ആര്‍ത്തവ ശുചിത്വം ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന സന്ദേശവും ആര്‍ത്തവ ശുചിത്വ ദിനം മുന്നോട്ടുവെയ്ക്കുന്നു. ഏറ്റവും പുതിയ NFHS 5 ഡാറ്റ അനുസരിച്ച്, 15 – 24 പ്രായപരിധിലുള്ള 57.6% സ്ത്രീകള്‍ മാത്രമാണ് ആര്‍ത്തവ സമയത്ത് ശുചിത്വമുള്ള സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത്. ഇതില്‍ 48.2% ഗ്രാമപ്രദേശത്തുള്ളവരും 77.5% നഗരങ്ങളില്‍ ഉള്ളവരുമാണ്.
വൃത്തിയില്ലാത്ത ആര്‍ത്തവ ഉല്‍പന്നങ്ങളുടെ ദീര്‍ഘകാല ഉപയോഗം, ശരിയായ ശരീര ശുചിത്വം പാലിക്കാതിരിക്കല്‍ എന്നിവ അണുബാധകള്‍ക്ക് കാരണമാകും. ആര്‍ത്തവത്തെ ചുറ്റിപ്പറ്റി ആഴത്തില്‍ വേരൂന്നിയ സാമൂഹിക ധാരണകളും സാംസ്‌കാരിക വിലക്കുകളും ഇത് നിശബ്ദ്ധമായി സഹിക്കേണ്ടതാണെന്ന ചിന്ത ഉണ്ടാക്കിയിട്ടുണ്ട്.
ആര്‍ത്തവവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സതേടുന്നതില്‍ നിന്ന് ഈ ചിന്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും പിന്തിരിപ്പിക്കുന്നു. ഇത് അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വഷളാക്കുന്നു. ചിലയിടത്ത് ആര്‍ത്തവകാലത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭക്ഷണത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം വിളര്‍ച്ചയുടെയും പോഷണക്കുറവിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
സ്‌കൂളുകളില്‍ ആര്‍ത്തവ ശുചിത്വ സംവിധാനങ്ങള്‍ ഇല്ലാത്തത് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാത്തതിന് കാരണമാകാം. ഇത്തരം സൗകര്യങ്ങളില്ലാത്ത സ്‌ക്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം സ്വകാര്യതയോടും സുരക്ഷിതത്വത്തോടും കൂടി കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഇത് ക്‌ളാസുകള്‍ മുടങ്ങാനും പഠനത്തെ ബാധിക്കാനും കാരണമാകാം.
ആര്‍ത്തവ ശുചിത്വ ദിനത്തിന്റെ പ്രസക്തി ബോധവല്‍ക്കരണ പരിപാടികള്‍, വ്യക്തിഗത ശുചിത്വം, സാനിറ്ററി നാപ്കിനുകളുടെ വിതരണം എന്നിവയില്‍ മാത്രം ഒതുങ്ങുന്നതല്ല. ആര്‍ത്തവത്തെകുറിച്ചും അത് സ്ത്രീകളെ ശാരീരികമായും വൈകാരികമായും എങ്ങനെ ബാധിക്കുന്നുവെന്നും പുരുഷന്മാര്‍ അറിഞ്ഞിരിക്കണം. തീരുമാനങ്ങള്‍ എടുക്കുന്നതിലും നയരൂപീകരണത്തിലും ഫണ്ട് അനുവദിക്കുന്നതിലും പുരുഷന്മാര്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമൊക്കയായുള്ള വിവിധ സാമൂഹിക തലങ്ങളില്‍ ആര്‍ത്തവത്തെക്കുറിച്ചും ആര്‍ത്തവ ശുചിത്വ നിര്‍വഹണത്തെക്കുറിച്ചും പുരുഷന്‍മാര്‍ക്കായി ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.
ആര്‍ത്തവ മാലിന്യം സുരക്ഷിതമായി സംസ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത ആര്‍ത്തവ ശുചിത്വ ദിനം ഓര്‍മിപ്പിക്കുന്നു. ഉപയോഗിച്ച സാനിറ്ററി പാഡുകളില്‍ രക്തവും സ്രവങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഇ- കോളി, സാല്‍മൊണല്ല, സ്റ്റാഫൈലോകോക്കസ്, എച്ച്‌ഐവി തുടങ്ങിയ ഹാനികരമായ രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും.
സാനിറ്ററി പാഡുകളില്‍ ജൈവികമായി വിഘടിക്കാത്ത ഭാഗമുണ്ട്. ജീര്‍ണ്ണിക്കുന്ന മാലിന്യത്തില്‍ നിന്ന് വേര്‍തിരിച്ച് സാനിറ്ററി ലാന്‍ഡ് ഫില്‍ സൈറ്റുകളില്‍ എത്തിച്ചാണ് ഇവ സംസ്‌കരിക്കേണ്ടത്. അനുയോജ്യമായ സംസ്‌കരണ സംവിധാനത്തിന്റെ അഭാവം സ്ത്രീകളും പെണ്‍കുട്ടികളും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാതിരിക്കുന്നതിനോ തെറ്റായി കൈകാര്യം ചെയ്യുന്നതിനോകാരണമാകുന്നു.
ഇത് അണുബാധകളുടെ വ്യാപനത്തിലേക്കും അഴുക്കുചാലുകള്‍ അടയുന്നതിലേക്കും നയിക്കുന്നു.
ഇന്ത്യയില്‍, അടുത്ത കാലത്തായി നടത്തിയ ഒരു പഠനത്തിന്റെ ഫലമനുസരിച്ച് ഏകദേശം 40% ഓവുചാലുകളും അടഞ്ഞുപോകുന്നത് സാനിറ്ററി പാഡുകള്‍ തള്ളുന്നത് മൂലമാണ്.
പാഡുകള്‍ തള്ളുന്നത് ക്രമേണ ടോയ്‌ലറ്റുകളെ പ്രവര്‍ത്തന രഹിതമാക്കുമെന്നതും മറക്കരുത്. പുനരുപയോഗിക്കാവുന്ന ആര്‍ത്തവ ഉല്‍പന്നങ്ങളായ തുണികൊണ്ടുളള പാഡുകള്‍, ബയോ ഡീഗ്രേഡബിള്‍ പാഡുകള്‍, മെനിസ്ട്രല്‍ കപ്പുകള്‍ എന്നിവയെക്കുറിച്ചും അവബോധം വളരേണ്ടതുണ്ട്.
1,ആര്‍ത്തവ കാലത്ത് നനഞ്ഞതോ വൃത്തിയില്ലാത്തതോ ആയ തുണിയോ പാഡോ ഉപയോഗിക്കുന്നത് അപകടകരമായ രോഗങ്ങള്‍ക്കോ അണുബാധകള്‍ക്കോ കാരണമാകാം. ഓരോ 4-6 മണിക്കൂറിലും ഇത്തരം തുണി മാറ്റുകയും കഴുകുകയും ചെയ്യേണ്ടത് പ്രധാനമാണ്.
2, ആര്‍ത്തവ തുണികളും ഉള്‍വസ്ത്രവും ഉള്‍ഭാഗം പുറത്ത് വരത്തക്ക രീതിയില്‍ വെയിലത്ത് ഉണക്കുക. ശരിയായി ഉണക്കിയില്ലെങ്കില്‍ അവ ഹാനികരമായ ഫംഗസ്, ബാക്ടീരിയ അണുബാധകള്‍ക്ക് കാരണമാകും.
3, സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക. ആര്‍ത്തവ ശുചിത്വ വസ്തുക്കള്‍ മാറ്റുന്നതിന് മുന്‍പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. ഓരോ തവണ ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
4, പുനരുപയോഗിക്കാവുന്ന പാഡുകള്‍ 4 മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഇവ വൃത്തിയാക്കാനുള്ള ലളിതമായ വഴികള്‍ :1. ചെറിയ അളവില്‍ സോപ്പ് / ഡിറ്റര്‍ജന്റ് കലര്‍ത്തിയ വെള്ളത്തില്‍ മുക്കിവയ്ക്കുക2. ഒഴുകുന്ന വെള്ളത്തിനടിയില്‍ കഴുകുക3. വെയിലത്ത് ഉണക്കുക 4. വൃത്തിയുള്ളതും നനവില്ലാത്തതുമായ സ്ഥലത്ത് സൂക്ഷിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട് : യുനിസെഫ് ഇന്ത്യ
content highlights: May 28 – Menstrual Hygiene Day; Menstruation should be healthy