ന്യൂദല്‍ഹി: തങ്ങളുടെ ആള്‍ബലം കാണിക്കാനല്ല മെയ് 26 ന് പ്രതിഷേധം സംഘടിപ്പിക്കുന്നത് മറിച്ച് കേന്ദ്രത്തിന് പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടായിരുന്നു കര്‍ഷക നേതാക്കളുടെ പ്രതികരണം.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഗ്രാമങ്ങളിലും നഗരങ്ങളിലും ദല്‍ഹി അതിര്‍ത്തികളിലും ഞങ്ങള്‍ പ്രതിഷേധിക്കും. അതൊരു ശക്തി പ്രകടനമായിരിക്കില്ല. കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്ത്രം എന്നിവ ധരിച്ചാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നത്. കര്‍ഷകര്‍ അവരുടെ ട്രാക്ടറുകളിലും കറുത്ത പതാകകള്‍ സ്ഥാപിക്കും. മോദിയുടെ പ്രതിമകള്‍ എല്ലാ ഗ്രാമങ്ങളിലും കൂട്ടിയിട്ട് കത്തിക്കും. സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഞങ്ങള്‍ പ്രതിഷേധം നടത്തും’, കര്‍ഷകര്‍ പറഞ്ഞു.
മെയ് 26ലെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമടക്കം 12 പ്രതിപക്ഷ പാര്‍ട്ടികളാണ് കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക നിയമത്തിനെതിരെ ആറ് മാസമായി സമരത്തിലാണ് കര്‍ഷകര്‍. 40 ഓളം കാര്‍ഷിക യൂണിയനുകളുടെ നേതൃത്വത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് സമരരംഗത്തുള്ളത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പ്രസ്താവനയിറക്കിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പിന്തുണ അറിയിച്ച് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ച മുഖ്യമന്ത്രിമാര്‍.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ച മറ്റ് നേതാക്കള്‍. ഒരു ഇടവേളക്ക് ശേഷമാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക സമരപരിപാടികള്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിക്കുന്നത്.