ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്. രണ്ട് ടീമിനും പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ വിജയം അനിവാര്യമാണ്. ബെംഗളൂരുവിന് മികച്ച റണ്‍ റേറ്റില്‍ ജയിച്ചാല്‍ മാത്രമേ അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സാധിക്കൂ.
റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ചില ചരിത്രപരമായ ഘടകങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ മെയ് 18 എന്ന ദിവസം വിരാട് കോഹ്‌ലിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും വളരെയധികം അനുകൂലമാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ മെയ് 18ന് നടന്ന മത്സരങ്ങളില്‍ ഒന്നും ബെംഗളൂരു പരാജയപ്പെട്ടിട്ടില്ല. ഇതിനുമുമ്പ് മെയ് 18ന് നാല് മത്സരങ്ങളാണ് ബെംഗളൂരു കളിച്ചിട്ടുള്ളത്.
മൂന്ന് മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധസെഞ്ച്വറിയുമാണ് കോഹ്‌ലി നേടിയിട്ടുള്ളത്. 2013 മെയ് 18ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ 29 പന്തില്‍ പുറത്താവാതെ 57 റണ്‍സ് നേടി കൊണ്ടായിരുന്നു വിരാടിന്റെ തകര്‍പ്പന്‍ പ്രകടനം. നാല് ഫോറുകളും നാല് സിക്‌സുമാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്.
2016ല്‍ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ 50 പന്തില്‍ 113 റണ്‍സ് നേടി കൊണ്ടായിരുന്നു വിരാടിന്റെ തകര്‍പ്പന്‍ പ്രകടനം. എട്ട് സിക്‌സുകളും 12 ഫോറുകളും ആണ് താരം നേടിയത്.
2023ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലും കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. നാല് സിക്‌സുകളുടെയും 12 ഫോറുകളുടെയും അകമ്പടിയോടുകൂടി 63 പന്തില്‍ 100 റണ്‍സാണ് വിരാട് നേടിയത്.
ഇന്ന് മറ്റൊരു മെയ് 18ന് നിര്‍ണായക മത്സരത്തിന് റോയല്‍ ചലഞ്ചേഴ്‌സ് കളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഈ ചരിത്ര ഘടകങ്ങള്‍ ബംഗളുരുവിന് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ പ്ലേ ഓഫിലേക്ക് മുന്നേറാന്‍ ഇരുടീമുകളും കൊമ്പു കോര്‍ക്കുമ്പോള്‍ ചിന്നസ്വാമിയുടെ മണ്ണില്‍ തീപാറുമെന്ന് ഉറപ്പാണ്.
അതേസമയം ആക്യുവെതര്‍ പറയുന്നതനുസരിച്ച് ചിന്നസ്വാമിയില്‍ ഇന്ന് ഉച്ചയ്ക്കുശേഷം കനത്ത മഴയ്ക്ക് 73% സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ആര്‍.സി.ബിക്ക് പ്ലേ ഓഫ് നഷ്ടമാവും.
Content Highlight: May 18 Historical factors are in favor of RCB