| Saturday, 29th April 2023, 1:57 pm

യുവതാരങ്ങള്‍ ഫുട്‌ബോളില്‍ തിളങ്ങും, അപ്പോഴും അദ്ദേഹത്തിന്റെ തട്ട് താണുതന്നെ കിടക്കും: മാക്‌സ്‌വെല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ യുവതാരങ്ങള്‍ പല റെക്കോഡുകളും സ്വന്തമാക്കുമെങ്കിലും ഇതിഹാസ താരം ലയണല്‍ മെസിയുടെ തട്ട് താണ് തന്നെ കിടക്കുമെന്ന് മുന്‍ പി.എസ്.ജി താരം മാക്‌സ്‌വെല്‍. പാരീസില്‍ മെസി അവഗണന നേരിടുന്നിതിനിടയിലാണ് താരത്തെ പ്രശംസിച്ച് മാക്‌സ്‌വെല്‍ സംസാരിച്ചത്.

കിലിയന്‍ എംബാപ്പെയെക്കാള്‍ മെസിയാണ് മികച്ചതെന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടിനൊപ്പം അടുത്ത പത്ത് വര്‍ഷം ഫുട്‌ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെയെന്നും എന്നാല്‍ മെസിയുടെ തട്ട് ഇവര്‍ക്കിടയില്‍ താണുതന്നെ കിടക്കുമെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. ഫ്രഞ്ച് മീഡിയ ഔട്‌ലെറ്റായ കനാല് പ്ലസിനോടാണ് മാക്‌സ്വെല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്നെ സംബന്ധിച്ച് മെസിയാണ് എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍. എന്നാല്‍ എര്‍ലിങ് ഹാലണ്ടിനെ കുറിച്ച് പറയുന്നത് പോലെ അടുത്ത പത്ത് വര്‍ഷം ഫുട്‌ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെ. ഈ രണ്ട് താരങ്ങള്‍ക്കും ഭാവിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മെസിയുടെയും സ്ഥാനം കവര്‍ന്നെടുക്കാനുള്ള കഴിവും മികവുമുണ്ട്. തള്ളിക്കളയാനാകാത്ത പ്രതിഭയുള്ള താരമാണ് എംബാപ്പെ,’ മാക്‌സ്വെല്‍ പറഞ്ഞു.

അതേസമയം, ക്ലബ്ബ് ഫുട്‌ബോളില്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. പാരീസില്‍ താരം തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇതിനിടെ മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ബാഴ്സയിലെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് സൈനിങ്ങുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാത്തതെന്നും ബ്ലൂഗ്രാനയിലെ ചില താരങ്ങളെ വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് മെസിയെ ക്ലബ്ബിലെത്തിക്കാനാണ് മാനേജ്മെന്റ് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫര്‍ മെസിക്ക് മുന്നില്‍ വെച്ചുനീട്ടിയിരുന്നെന്നും എന്നാല്‍ താരം അത് നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരിയറിന്റെ അവസാന കാലഘട്ടം യൂറോപ്പില്‍ തന്നെ ചെലവഴിച്ച് വിരമിക്കാനാണ് മെസിയുടെ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതോടൊപ്പം എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍മിയാമിയിലേക്ക് ഡേവിഡ് ബെക്കാം മെസിയെ ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും മെസി വിഷയത്തില്‍ ഇതുവരെ തന്റെ തീരുമാനം അറിയിച്ചിട്ടില്ല.

Content Highlights: Maxwell says Lionel Messi is the greatest of all time

We use cookies to give you the best possible experience. Learn more