എംബാപ്പെയും ഹാലണ്ടും ഫുട്‌ബോളില്‍ തിളങ്ങിനില്‍ക്കും, അപ്പോഴും അദ്ദേഹത്തിന്റെ തട്ട് താണുതന്നെ കിടക്കും: മുന്‍ പി.എസ്.ജി താരം
Football
എംബാപ്പെയും ഹാലണ്ടും ഫുട്‌ബോളില്‍ തിളങ്ങിനില്‍ക്കും, അപ്പോഴും അദ്ദേഹത്തിന്റെ തട്ട് താണുതന്നെ കിടക്കും: മുന്‍ പി.എസ്.ജി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th April 2023, 3:52 pm

ക്ലബ്ബ് ഫുട്‌ബോളില്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ വരുന്ന ജൂണിലാണ് അവസാനിക്കുക. മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ പി.എസ്.ജി കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി അള്‍ട്രാസ് താരത്തിനെ പരിഹസിച്ചതും കൂകി വിളിച്ചതും. അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

മെസിയെ പി.എസ്.ജി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം ബാഴ്‌സലോണയിലേക്കോ മറ്റേതെങ്കിലും ക്ലബ്ബിലേക്കോ ചേക്കേറുന്നതാകും ഉചിതമെന്നമാണ് ബഹുഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത്. ലോക ചാമ്പ്യനും പി.എസ്.ജിക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളിലൊരാളുമായ മെസിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ലജ്ജാകരമാണെന്നും ആരാധകരില്‍ ചിലര്‍ പറഞ്ഞു.

പി.എസ്.ജിയില്‍ മെസി അവഗണന നേരിടുന്നിതിനിടയില്‍ താരത്തെ പ്രശംസിച്ച് മുന്‍ പി.എസ്.ജി താരം മാക്സ്വെല്‍ പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. കിലിയന്‍ എംബാപ്പെയെക്കാള്‍ മെസിയാണ് മികച്ചതെന്നാണ് മാക്സ്വെല്‍ പറഞ്ഞത്. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടിനൊപ്പം അടുത്ത പത്ത് വര്‍ഷം ഫുട്ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെയെന്നും എന്നാല്‍ മെസിയുടെ തട്ട് ഇവര്‍ക്കിടയില്‍ താണുതന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് മീഡിയ ഔട്ലെറ്റായ കനാല് പ്ലസിനോടാണ് മാക്സ്വെല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്നെ സംബന്ധിച്ച് മെസിയാണ് എക്കാലത്തെയും മികച്ച ഫുട്ബോളര്‍. എന്നാല്‍ എര്‍ലിങ് ഹാലണ്ടിനെ കുറിച്ച് പറയുന്നത് പോലെ അടുത്ത പത്ത് വര്‍ഷം ഫുട്ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെ. ഈ രണ്ട് താരങ്ങള്‍ക്കും ഭാവിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മെസിയുടെയും സ്ഥാനം കവര്‍ന്നെടുക്കാനുള്ള കഴിവും മികവുമുണ്ട്. തള്ളിക്കളയാനാകാത്ത പ്രതിഭയുള്ള താരമാണ് എംബാപ്പെ,’ മാക്സ്വെല്‍ പറഞ്ഞു.

പി.എസ്.ജിക്കായി ഈ സീസണില്‍ 33 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും 17 അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം ലീഗ് വണ്ണില്‍ നിലവില്‍ 29 മത്സരങ്ങളില്‍ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി. എസ്.ജിയുടെ സ്ഥാനം.

ഏപ്രില്‍ ഒമ്പതിന് നൈസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Maxwell praises Lionel Messi