| Saturday, 2nd September 2023, 3:29 pm

'എംബാപ്പെയെക്കാള്‍ മികച്ചത് മെസി'; പ്രസ്താവിച്ച് മുന്‍ പി.എസ്.ജി താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെക്കാള്‍ മികച്ചത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണെന്ന് പി.എസ്.ജിയുടെ മുന്‍ ഡിഫന്‍ഡിങ് താരം മാക്സ്വെല്‍.

മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടിനൊപ്പം അടുത്ത പത്ത് വര്‍ഷം ഫുട്ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെയെന്നും എന്നാല്‍ മെസിയുടെ തട്ട് ഇവര്‍ക്കിടയില്‍ താണുതന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് മീഡിയ ഔട്ലെറ്റായ കനാല് പ്ലസിനോടാണ് മാക്സ്വെല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്നെ സംബന്ധിച്ച് മെസിയാണ് എക്കാലത്തെയും മികച്ച ഫുട്ബോളര്‍. എന്നാല്‍ എര്‍ലിങ് ഹാലണ്ടിനെ കുറിച്ച് പറയുന്നത് പോലെ അടുത്ത പത്ത് വര്‍ഷം ഫുട്ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെ. ഈ രണ്ട് താരങ്ങള്‍ക്കും ഭാവിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മെസിയുടെയും സ്ഥാനം കവര്‍ന്നെടുക്കാനുള്ള കഴിവും മികവുമുണ്ട്. തള്ളിക്കളയാനാകാത്ത പ്രതിഭയുള്ള താരമാണ് എംബാപ്പെ,’മാക്സ്വെല്‍ പറഞ്ഞു.

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് ഇന്റര്‍ മയാമിയിലെത്തിയ മെസി മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. യു.എസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ നടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്റര്‍ മയാമിയെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

അതേസമയം, ലീഗ് വണ്ണില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ലെന്‍സിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. ഇരട്ട ഗോളുകളുമായി എംബാപ്പെയായിരുന്നു മത്സരത്തില്‍ തിളങ്ങിയത്. ഇതോടെ പാരീസിയന്‍ ക്ലബ്ബില്‍ പുതിയ റെക്കോഡിട്ടിരിക്കുകയാണ് താരം.

ലെന്‍സിനെതിരെ സ്‌കോര്‍ ചെയ്തതോടെ പി.എസ്.ജിയില്‍ 150ാമത്തെ ലീഗ് ഗോളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ പാരീസിയന്‍ ജേഴ്‌സിയില്‍ 300 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നേടുന്ന താരമെന്ന ഖ്യാതിയും എംബാപ്പെ സ്വന്തമാക്കി 214 ഗോളുകളും 86 അസിസ്റ്റുകളും).

കളിയുടെ 44ാം മിനിട്ടില്‍ മാര്‍ക്കോ അസെന്‍സിയോയുടെ ഗോളിലൂടെ പി.എസ്.ജി ലീഡെടുക്കുകയായിരുന്നു. 52, 90 മിനിട്ടുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍ പിറന്നത്. ഇഞ്ച്വറി ടൈമില്‍ മോര്‍ഗന്‍ ഗ്വിലോവോഗി ഒരു ഗോള്‍ മടക്കിയെങ്കിലും ലെന്‍സ് തോല്‍വി വഴങ്ങുകയായിരുന്നു.

Content Highlights: Maxwell praises Lionel Messi

We use cookies to give you the best possible experience. Learn more