| Sunday, 6th August 2023, 11:42 am

'പി.എസ്.ജിയിലെ പ്രധാനി എംബാപ്പെയല്ല'; മനസ് തുറന്ന് മാക്‌സ് വെല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും മികച്ച താരം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണെന്ന് മുന്‍ ബ്രസീല്‍ താരം മാക്‌സ് വെല്‍. ബാഴ്‌സലോണയില്‍ മെസിക്കൊപ്പം ഡ്രസിങ് റൂം പങ്കുവെച്ചിട്ടുള്ള താരമാണ് മാക്‌സ് വെല്‍. പി.എസ്.ജിയില്‍ എംബാപ്പെയെക്കാള്‍ മികച്ചത് മെസിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മെസിക്കും റൊണാള്‍ഡോക്കും ശേഷം അവരുടെ പിന്‍ഗാമിയായേക്കുമെന്ന് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്ന താരങ്ങളിലൊരാളായ എംബാപ്പെയേക്കാള്‍ ഹാലണ്ടാണ് മികച്ച താരമെന്നും മാക്‌സ് വെല്‍ വ്യക്തമാക്കി. കാനല്‍ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മെസിയേയും എംബാപ്പെയേയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ മാക്‌സ് വെല്‍ പങ്കുവെച്ചത്.

‘എന്നെ സംബന്ധിച്ച് മെസിയാണ് എപ്പോഴും പ്രധാനപ്പെട്ട താരം. പക്ഷെ മെസി കഴിഞ്ഞാല്‍ ഹാലണ്ടായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നത്. മെസിയേയും റൊണാള്‍ഡോയേയും പോലെ ശക്തനായൊരു പ്ലെയറാണ് ഹാലണ്ടും.

എംബാപ്പെയും മികച്ച താരമാണ് പക്ഷെ മെസിക്കും ഹാലണ്ടിനുമൊപ്പമെത്തുമോ എന്ന് സംശയമാണ്,’ മാക്‌സ് വെല്‍ പറഞ്ഞു.

കൂടാതെ എംബാപ്പെ 24 വയസിനിടയില്‍ ഒരുപാട് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ എഴുതിതള്ളാന്‍ സാധിക്കില്ലെന്നും മാക്‌സ് വെല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയ മെസി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്റര്‍ മയാമിക്കായി ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും ഒരു അസിസ്റ്റും താരം ഇതുവരെ അക്കൗണ്ടിലാക്കി കഴിഞ്ഞു.

എം.എല്‍.എസില്‍ കളിയാരംഭിച്ചയുടന്‍ പ്രകടന മികവ് കൊണ്ടും ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ കൊണ്ടും ശ്രദ്ധേയനാവുകയാണ് ഈ 36കാരന്‍. ഈ പ്രകടനം തുടരുകയാണെങ്കില്‍ ഇന്റര്‍ മയാമിയുടെ ടോപ്പ് ഗോള്‍ സ്‌കോററാകാന്‍ മെസിക്ക് അധിക സമയം വേണ്ടെന്നാണ് ഫുട്‌ബോള്‍ വിദഗ്ദരുടെ വിലയിരുത്തല്‍.

അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോളും ബാക്കി രണ്ട് മത്സരങ്ങളിലും ഇരട്ട ഗോളുകളും വലയിലെത്തിച്ച മെസിക്ക് ഇനി 24 ഗോള്‍ നേടിയാല്‍ മയാമിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാകാന്‍ സാധിക്കും.

Content Highlights: Maxwell praises Lionel Messi

We use cookies to give you the best possible experience. Learn more