| Thursday, 1st August 2013, 4:28 pm

മാക്‌സിമം നാനോയ്ക്ക് ലഭിച്ചത് 13.01 ലക്ഷം രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലോകത്തിലേക്കും വിലക്കുറവുള്ള കാറായ ടാറ്റ നാനോയ്ക്ക് ലേലത്തില്‍ ലഭിച്ചത് 13.01 ലക്ഷം രൂപ.

മാര്‍ച്ചില്‍ സമാപിച്ച കൊച്ചി  മുസ്സിരിസ് ബിനാലെയുടെ ഭാഗമായി ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരി ചിത്രം വരച്ച ടാറ്റാ നാനോയ്ക്കാണ് ഓണ്‍ലൈനില്‍ ലേലത്തില്‍ ആരുടെയും കണ്ണുതള്ളിക്കുന്ന വില ലഭിച്ചത്. []

എന്നാല്‍ ലേലം പിടിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് ബിനാലെ ഫൌണ്ടേഷന്‍ ഹെഡ് ഓഫ് പ്രോഗ്രാംസ് അന്‍ഡ് ഡിജിറ്റല്‍ ഡവലപ്പ്‌മെന്റ് ശ്വേതല്‍ പട്ടേല്‍ പറഞ്ഞു.

ജൂലൈ 29ന് രാത്രി എട്ടിനാണ് ഒരു ദിവസം നീണ്ട ലേലം ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ലേല സ്ഥാപനമായ സഫ്രോണാര്‍ട്ട് www.saffronart.com എന്ന വെബ്‌സൈറ്റിലൂടെ സംഘടിപ്പിച്ച ലേലത്തില്‍ ആദ്യ ആള്‍ തന്നെ 10 ലക്ഷം രൂപ വിലയിട്ടു.

ബിനാലെയുടെ ഒന്നാം പതിപ്പിന് ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ലേലം സംഘടിപ്പിച്ചത്.

“മാക്‌സിമം നാനോ” എന്ന് പേരിട്ട ഇന്‍സ്റ്റലേഷനായിട്ടാണ് ആര്‍ട്ട് കാര്‍ ലേലം ചെയ്തത്. ഇന്ത്യയിലെ ആദ്യ ആര്‍ട്ട് കാര്‍ ലേലമാണിത്. നടന്‍ മോഹന്‍ലാലിന്റെ കൈയൊപ്പും മാക്‌സിമം നാനോയിലുണ്ട്.

ബിനാലെ നടന്നുകൊണ്ടിരിക്കെ ഫെബ്രുവരി 14നാണ് കൊച്ചിയിലെ കോഫീ ബീന്‍സും തിരുവനന്തപുരത്തെ ലാ ഗ്യാലറി 360യും ചേര്‍ന്ന് സെറീന്‍ വൈറ്റ് നിറത്തിലുള്ള നാനോ കാര്‍ സംഭാവന ചെയ്തത്.

പ്രശസ്തനടന്‍ മോഹന്‍ലാലാണ് കാര്‍ ബോസ് കൃഷ്ണമാചാരിയ്ക്ക് കൈമാറിയത്. ഫെബ്രുവരി 24 മുതല്‍ നാലുദിവസം കൊണ്ടാണ് തന്റെ “സ്‌ട്രെച്ചഡ് ബോഡീസ്”  (tSretched Bodies) എന്ന അമൂര്‍ത്ത ചിത്രപരമ്പരയില്‍ പെട്ട ചിത്രം കാറില്‍ ബോസ് വരച്ചത്.

ഓട്ടോമോട്ടീവ് പെയിന്റ് ഉപയോഗിച്ചു വരച്ച ചിത്രം കാറിനെ മുഴുവനും മൂടുന്നു. മങ്ങലേല്‍ക്കാതിരിക്കാന്‍ കാര്‍ ലാമിനേറ്റ് ചെയ്തിട്ടുണ്ട്. ബിനാലെ അവസാനിക്കും വരെ പ്രധാന വേദിയായിരുന്ന ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലും തുടര്‍ന്ന് ഇടപ്പള്ളിയിലെ ലുലു മാളിലുമാണ് ഈ ആര്‍ട്ട് കാര്‍ പ്രദര്‍ശനത്തിനു വച്ചിരുന്നത്.

2012 ഡിസംബര്‍ 12ന് തുടങ്ങി 96 ദിവസം നീണ്ടുനിന്ന ബിനാലെയില്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമായി 90 കലാകാരന്മാരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന്റെ ക്യുറേറ്റര്‍മാരില്‍ ഒരാള്‍കൂടിയായിരുന്നു കൃഷ്ണമാചാരി. അടുത്ത ബിനാലെ 2014 ഡിസംബറില്‍ തുടങ്ങും.

We use cookies to give you the best possible experience. Learn more