| Friday, 23rd April 2021, 11:07 am

ഓക്‌സിജന്‍ കിട്ടുംവരെ പുതിയതായി ഒരു രോഗിയേയും അഡ്മിറ്റ് ചെയ്യില്ലെന്ന് മാക്‌സ് ആശുപത്രി; ദുരിതം തീരാതെ ദല്‍ഹി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓക്‌സിജന്‍ ലഭ്യമാകുന്നത് വരെ പുതിയതായി ഒരു രോഗിയേയും അഡ്മിറ്റ് ചെയ്യില്ലെന്ന് അറിയിച്ച് ദല്‍ഹിയിലിലെ മാക്‌സ് ആശുപത്രി. കൊവിഡ് സാഹചര്യം അതീവ ഗുരതരമായിക്കൊണ്ടിരിക്കെയാണ് ആശുപത്രിയുടെ തീരുമാനം.

”ഓക്‌സിജന്‍ വിതരണം സ്ഥിരമാകുന്നതുവരെ ദല്‍ഹി എന്‍.സി.ആറിലെ ഞങ്ങളുടെ എല്ലാ ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് ഖേദത്തോടെ അറിയിക്കുന്നു”എന്നാ
ണ് മാക്‌സ് ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞത്.

ദല്‍ഹിയില്‍ അതിവേഗത്തിലാണ് കൊവിഡ് വ്യാപിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണ്. ഓക്‌സിജന്‍ ലഭ്യമല്ലാത്തുകൊണ്ട് ചികിത്സ നിലച്ച അവസ്ഥയാണ് ദല്‍ഹിയില്‍ ഇപ്പോള്‍.

കൊവിഡ് രോഗികള്‍ ധാരാളമായി എത്തുന്ന ദല്‍ഹി ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേരാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് വ്യാപനത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടിക കഴിഞ്ഞദിവസം ദല്‍ഹി സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. ഓക്‌സിജന്‍ ഒട്ടും ഇല്ലാത്ത ആറ് സ്വകാര്യ ആശുപത്രികളുടെയും ക്ഷാമം നേരിടുന്ന മറ്റു ആശുപത്രികളുടെയും പട്ടികയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്ത് വിട്ടത്.

ദല്‍ഹിയുടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പട്ടിക പുറത്ത് വിട്ടത്.

സരോജ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി, ശാന്തി മുകുന്ദ് ആശുപത്രി, തിരത്ത് റാം ഷാ ആശുപത്രി, യു.കെ നഴ്‌സിംഗ് ഹോം, രാതി ആശുപത്രി, ശാന്തം ആശുപത്രി എന്നീ ആശുപത്രികളിലാണ് കരുതി വെച്ച ഓക്‌സിജനും തീര്‍ന്നതായി അറിയിച്ചത്.

സരോജ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രിയും ശാന്തി മുകുന്ദ് ആശുപത്രിയും ഓക്‌സിജന്‍ തീരാറായെന്ന് അറിയിച്ചിരുന്നു. സരോജ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി ഓക്‌സിജന്‍ ക്ഷാമം നികത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ദിവസേന 3000 ക്യുബിക്ക് മീറ്റര്‍ ഓക്സിജന്‍ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം കോടതി കേന്ദ്രസര്‍ക്കാരിനും ദല്‍ഹി സര്‍ക്കാരിനും നല്‍കണമെന്നാണ് ആശുപത്രിയുടെ ആവശ്യം.

ബുധനാഴ്ച കേന്ദ്രം ദല്‍ഹിയുടെ ഓക്‌സിജന്‍ ക്വാട്ട 378 മെട്രിക് ടണ്ണില്‍ നിന്ന് 480 മെട്രിക് ടണ്ണായി ഉയര്‍ത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തേണ്ടതുകൊണ്ടുതന്നെ ഓക്‌സിജന്‍ നഗരത്തിലെത്താന്‍ കുറച്ചുകൂടി ദിവസമെടുക്കുമെന്നാണ് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചത്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായതിന് പിന്നാലെ കേന്ദ്രത്തെ ശാസിച്ച് ദല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഏറ്റവും രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.

ഓക്സിജന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് കേന്ദ്രത്തിന് ഇങ്ങനെ അവഗണിക്കാന്‍ സാധിക്കുന്നതെന്നും കോടതി ചോദിച്ചു. പൗരന്മാര്‍ക്ക് സര്‍ക്കാരിനെ തന്നെയല്ലേ ആശ്രയിക്കാന്‍ സാധിക്കൂ. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ എന്ത് ചെയ്തിട്ടായാലും ജനങ്ങള്‍ക്ക് ഓക്സിജന്‍ എത്തിക്കണമെന്ന് കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Max Hospital Retracts ‘No New Patient Admissions’ Order In Delhi-NCR

We use cookies to give you the best possible experience. Learn more