തൃശൂര്‍: സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ്. ആറുമണിക്കൂര്‍ പരോളില്‍ പുറത്തിറങ്ങിയ രൂപേഷ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
മാവോയിസ്റ്റുകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തണം. ചോരക്കളി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എങ്കില്‍ മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചയ്ക്ക് കളമൊരുങ്ങുമെന്നും രൂപേഷ് പറഞ്ഞു.
മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ തടവുകാരനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് രൂപേഷ്.
Also read:ഇത് വെടികൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമല്ല: സി.പി ജലീലിന്റെ കൊലപാതകത്തില്‍ ഗ്രോ വാസു
“വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ചര്‍ച്ചയ്ക്ക് മീഡിയേഷന്‍ നടത്താന്‍ തയ്യാറാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ചോരക്കളി അവസാനിപ്പിക്കണം. ” എന്നാണ് അദ്ദേഹം പറഞ്ഞത്.
പന്ത്രണ്ടംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ അകമ്പടിയോടെയാണ് രൂപേഷിനെ വലപ്പാട് എത്തിച്ചത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് രൂപേഷിന് പരോള്‍ അനുവദിച്ചത്.
വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനായ സി.പി ജലീല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് രൂപേഷ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. മാര്‍ച്ച് ഏഴിന് പുലര്‍ച്ചെയോടെയാണ് വൈത്തിരിയിലെ റിസോര്‍ട്ടില്‍ സി.പി ജലീലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ ഏകപക്ഷീയമായ വെടിവെപ്പിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന ആരോപണം ശക്തമാണ്.