തിരുവനന്തപുരം: ശമ്പളവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമരനേതാക്കളെ മാവോയിസ്റ്റുകളായി ചിത്രീകരിച്ച് സമരത്തെ തകര്‍ക്കാന്‍ നീക്കം. പൊലീസിനെ കൂട്ടുപിടിച്ച് സമരരംഗത്തെ രണ്ടു പ്രധാന നേതാക്കള്‍ക്ക് തീവ്രവാദി ബന്ധങ്ങളുണ്ടെന്ന തരത്തില്‍ ഐ.ബി റിപ്പോര്‍ട്ടുണ്ടെന്ന് വരുത്തി തീര്‍ക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം മാനേജ്മെന്റുകളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ നഴ്സുമാരുടെ സംഘടന യു.എന്‍.എ ശക്തമായ സമരവുമായി മുന്നോട്ടുപോകുകയാണുണ്ടായത്. ഇന്നലെ തിരുവനന്തപുരത്ത് നഴ്സുമാര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലേയും പ്രകടനത്തിലേയും വന്‍പങ്കാളിത്തം സര്‍ക്കാറിനേയും മാനേജ്മെന്റുകളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് നഴ്സുമാരാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ അണിനിരന്നത്. ആദ്യനിര സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിയപ്പോള്‍ ആയിരങ്ങളാണ് വരിയില്‍ ബാക്കിനിന്നത്. സമരഗേറ്റിനു മുന്‍വശം മിനിറ്റുകള്‍ക്കകം നിറഞ്ഞതോടെ നഴ്സുമാര്‍ റോഡില്‍ ഇരുപ്പുറപ്പിക്കുന്ന സ്ഥിതിവിശേഷം വരെ ഉണ്ടായിരുന്നു. സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പൊതുജന പിന്തുണയും കൂടുതല്‍ നഴ്സുമാര്‍ സമരരംഗത്തേക്ക് ഇറങ്ങുന്നതും മാനേജ്മെന്റുകളെയും സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഇതിനു പുറമേ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 17 മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പണിമുടക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. കൂടാതെ സെക്രട്ടറിയേറ്റിനു മുന്നില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ നിരാഹാര ആരംഭിക്കുമെന്നും യു.എന്‍.എ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സമരനേതാക്കള്‍ക്കെതിരെ വ്യാജപ്രചരണം നടത്തി സമരം പൊളിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.
നേരത്തെ പുതുവൈപ്പിന്‍ സമരം ശക്തമായ അവസരത്തിലും ഇത്തരത്തിലും സമരത്തിന് തീവ്രവാദി ബന്ധം ആരോപിച്ച് പൊലീസ് രംഗത്തുവന്നിരുന്നു.