| Monday, 25th March 2019, 10:10 am

യു.ഡി.എഫ്, ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കണമെന്ന നിര്‍ദേശം തള്ളി; ഇടത് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയ താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ട് എന്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാവേലിക്കര: യു.ഡി.എഫ്, ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിയ എന്‍.എസ്.എസ് മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മാവേലിക്കരയിലെ ഇടതു സ്ഥനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ മാവേലിക്കര യൂണിയന്‍ ഓഫീസില്‍ വോട്ട് അഭ്യര്‍ത്ഥനയുമായി എത്തിയിരുന്നു. അദ്ദേഹത്തിന് സ്വീകരണം നല്‍കിയതാണ് നേതൃത്വത്തിന്റെ എതിര്‍പ്പിന് കാരണമായത്.

15 അംഗ യൂണിയന്‍ കമ്മിറ്റിയില്‍ പ്രസിഡന്റ് ഒഴികയുള്ള അംഗങ്ങളെ ചങ്ങനാശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. അംഗങ്ങള്‍ രാജി വച്ചതോടെ കമ്മിറ്റി പിരിച്ചുവിടുകയും അഞ്ചംഗ അഡ്ഹോക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു.


ചൗക്കീദാറിന്റെ പാര്‍ട്ടി ഞങ്ങളുടെ കോഡ് മോഷ്ടിച്ചു; ബി.ജെ.പി വെബ്‌സൈറ്റ് തിരിച്ചുവന്നതിന് പിന്നാലെ ആരോപണവുമായി വെബ് ഡിസൈന്‍ കമ്പനി


യു.ഡി.എഫിനും ബി.ജെ.പിക്കും അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളിയാണ് മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയത്.

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദും നാല് അംഗങ്ങളുമാണ് ഇവിടെ നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാട് ചോദ്യം ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം കരയോഗം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിക്കണമെന്ന അറിയിപ്പ് യൂണിയന്‍ കമ്മിറ്റി നിരാകരിച്ചിരുന്നു. ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും ചിലയിടങ്ങളില്‍ യു.ഡി.എഫിനും പിന്തുണ നല്‍കുകയെന്ന നയത്തിനെതിരായി വിയോജനക്കുറിപ്പ് നല്‍കിയതും പുറത്താക്കലിന് കാരണമായി.

“എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടത് നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടിനെ എതിര്‍ത്തതിലുള്ള പ്രതികാരമാണെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദ് പറഞ്ഞു.

കരയോഗാംഗങ്ങളെ ഇടതു പക്ഷത്തിനെതിരായി അണിനിരത്തി വോട്ട് യു.ഡി.എഫിന് ഉറപ്പാക്കണമെന്നുള്ള നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതാണ് നടപടിക്കു കാരണമായത്.

മതേതര സ്വഭാവം ഉള്‍ക്കൊള്ളുന്നതായിരിക്കണം എന്‍.എസ്.എസ് നയമെന്നും ഇതര ജാതി മത വിഭാഗങ്ങള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കും എന്‍.എസ്.എസില്‍ അംഗമാകാമെന്നും അവര്‍ നായര്‍ സമുദായ അംഗങ്ങള്‍ ആകണമെന്ന് മാത്രമേ നിബന്ധനയുള്ളൂവെന്നും സമുദായാചാര്യന്‍ പറഞ്ഞിരുന്നു. നേതൃത്വത്തിന്റെ ഇത്തരം ചെയ്തികള്‍ ജനാധിപത്യ വിരുദ്ധമാണെന്നും ടി.കെ പ്രസാദ് പറഞ്ഞു.

We use cookies to give you the best possible experience. Learn more