മാവേലിക്കരയിലെ ബല്ലാത്ത ജാതി
D' Election 2019
മാവേലിക്കരയിലെ ബല്ലാത്ത ജാതി
രാധേയന്‍
Friday, 5th April 2019, 4:18 pm

ഏറെ സവിശേഷതകള്‍ നിറഞ്ഞ മാവേലിക്കര മണ്ഡലത്തില്‍ കൂടെ നമുക്കൊന്ന് സഞ്ചരിച്ചു നോക്കാം.

കടുപ്പം ഭൂമിശാസ്ത്രം

ഒരുപക്ഷേ ഘടനാപരമായി ഏറ്റവും വൈചിത്ര്യം നിറഞ്ഞ കേരളത്തിലെ ഏക മണ്ഡലം ആയിരിക്കും മാവേലിക്കര. കൊല്ലം, ആലപ്പുഴ, കോട്ടയം എന്നിങ്ങനെ മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന ഒരു മണ്ഡലം ആണ് ഇത്. ആലപ്പുഴ കടപ്പുറത്തുനിന്നും 10-12 കിലോമീറ്റര്‍ മാത്രം കിഴക്കോട്ട് സഞ്ചരിച്ചാല്‍ എത്തുന്ന കുട്ടനാട് മുതല്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് ഏറെ വിദൂരമല്ലാത്ത പത്തനാപുരം വരെ ഉള്‍പ്പെടുന്ന ഒരു ഭൂപ്രദേശമാണ് മാവേലിക്കര ലോകസഭാ മണ്ഡലം.

വോട്ടിംഗ് ഘടനയിലും ഈ വൈചിത്ര്യം മാവേലിക്കര കാത്തുസൂക്ഷിക്കുന്നുണ്ട്. ഇടത്തരം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നിറഞ്ഞ കുട്ടനാട്, ഉപരിമധ്യവര്‍ഗ്ഗ സ്വഭാവമുള്ള ചങ്ങനാശ്ശേരി, അടിസ്ഥാനപരമായ ഇടതു സ്വഭാവമുള്ള മാവേലിക്കര, അടുത്തകാലത്ത് ഇടത്തോട്ട് ചാഞ്ഞു നില്‍ക്കുന്ന ചെങ്ങന്നൂര്‍, കശുവണ്ടി തൊഴിലാളികളുടെ കുന്നത്തൂര്‍, കൊട്ടാരക്കര, എന്‍.എസ്.എസിനും ഇടതുപാര്‍ട്ടികള്‍ക്കും സമാനമായ സ്വാധീനമുള്ള പത്തനാപുരം ഇവയാണ് ഈ മണ്ഡലത്തിലെ അസംബ്ലി സെഗ്മെന്റുകള്‍.

ബല്ലാത്ത ജാതി

നായര്‍ സമുദായത്തിന് ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പത്തനാപുരം പ്രദേശങ്ങളില്‍ പ്രാമുഖ്യമുണ്ടെങ്കില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ചെങ്ങന്നൂര്‍, കൊട്ടാരക്കര, പത്തനാപുരം മേഖലകളില്‍ തുല്യമായ സ്വാധീനമുണ്ട്. എസ്.എന്‍.ഡി.പി, മറ്റു അധസ്ഥിത വിഭാഗങ്ങള്‍ എന്നിവയ്ക്ക് കുട്ടനാട്, മാവേലിക്കര പ്രദേശങ്ങളില്‍ കാര്യമായ സ്വാധീനമുണ്ട്. ചങ്ങനാശ്ശേരിയില്‍ കത്തോലിക്കാ വിഭാഗത്തിനും പ്രാമുഖ്യം ഉണ്ട്.

കവടി നിരത്തുമ്പോള്‍

2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏതാണ്ട് 30,000 വോട്ടിന്റെ മുന്‍തൂക്കമുണ്ടായിരുന്ന യു.ഡി.എഫ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തില്‍പരം വോട്ടുകള്‍ക്ക് പിറകില്‍ പോയി.

ഇത്രയും കുഴഞ്ഞുമറിഞ്ഞ ഒരു മണ്ഡലത്തില്‍ രാഷ്ട്രീയ പ്രവചനം ഏതാണ്ട് അസാധ്യമാക്കിയ മത്സരമാണ് ഇക്കുറി അരങ്ങേറുന്നത്. പരിചയസമ്പന്നനായ കൊടുക്കുന്നില്‍ സുരേഷ് നേരിടുന്നത് അടൂര്‍ എം.എല്‍.എ എന്ന നിലയില്‍ വളരെ ജനപ്രീതി നേടിയ സി.പി.ഐ നേതാവ് ചിറ്റയം ഗോപകുമാറിനെയാണ്.

ചിറ്റയം ഗോപകുമാര്‍

 

മണ്ഡലത്തില്‍ പൊതുവില്‍ കൊടിക്കുന്നില്‍ സുരേഷിനെതിരെ ഒരു വികാരം നിലനില്‍ക്കുന്നുണ്ട് എന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. അത് പാടെ തള്ളിക്കളയാനും കഴിയില്ല. കൊട്ടാരക്കരയിലും പത്തനാപുരത്തും ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഉള്ള വലിയ സ്വാധീനം വോട്ടുകള്‍ ആയി വരുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. അതുവഴി എന്‍.എസ്.എസിനെ പിണക്കിയത് കൊണ്ടു ഉണ്ടാകുവാന്‍ സാധ്യതയുള്ള തട്ടുകേട് പരിഹരിക്കാമെന്നും അവര്‍ ചിന്തിക്കുന്നുണ്ട്. തന്റെ പഴയ വിജയങ്ങളില്‍ പിള്ളയുടെ സ്വാധീനം കൊടിക്കുന്നിലും നിഷേധിക്കുന്നില്ല.

ശക്തിദുര്‍ഗങ്ങള്‍

ചങ്ങനാശ്ശേരിയിലും ചെങ്ങന്നൂരും പത്തനാപുരത്തും വലിയ പ്രതീക്ഷയാണ് കൊടിക്കുന്നില്‍ വെച്ചുപുലര്‍ത്തുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ ഈ മൂന്ന് മണ്ഡലങ്ങളില്‍ അമ്പതിനായിരത്തില്‍ അപ്പുറം ഭൂരിപക്ഷം നേടുവാന്‍ സാധിച്ചാല്‍ സുരേഷിന് വിജയിക്കാം. വളരെ ജനപ്രിയനും സാധാരണക്കാരുടെ ഇടയില്‍ വളരെ സാധാരണക്കാരന്‍ ആയി ജീവിക്കുകയും ചെയ്യുന്ന ചിറ്റയം ജനങ്ങള്‍ക്ക് സമീപസ്ഥനാണ് എന്ന തോന്നല്‍
സുരേഷിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

കൊടിക്കുന്നില്‍ സുരേഷ്‌

കൊട്ടാരക്കരയിലെ ഒരു പഞ്ചായത്തില്‍ പ്രസിഡണ്ടായി ഒരു കാലയളവ് ഉണ്ടായിരുന്ന ഗോപകുമാറിന് കൊട്ടാരക്കര മണ്ഡലത്തില്‍ വലിയ ജനപ്രീതിയുണ്ട്. അതിനോടൊപ്പം ഇടതുപക്ഷത്തിന് രാഷ്ട്രീയ മേല്‍ക്കൈയുള്ള മാവേലിക്കര, കുന്നത്തൂര്‍ അസംബ്ലി മണ്ഡലങ്ങളിലും നല്ല മുന്‍കൈ നേടാം എന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി.

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ നേടിയ വിജയം ഇടതുമുന്നണിയെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ അത്രയും മികവ് കാട്ടാന്‍ സാധിച്ചില്ലെങ്കില്‍ പോലും ഒരു ചെറിയ മുന്‍തൂക്കം എങ്കിലും ആ മണ്ഡലത്തില്‍ നേരിടുവാന്‍ കഴിഞ്ഞാല്‍ ഗോപകുമാറിന് അത് വലിയ മുതല്‍ക്കൂട്ടായിരിക്കും.

ചലനമറ്റ ബി.ജെ.പി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ മണ്ഡലത്തില്‍ ബി.ഡി.ജെ.എസിനായി മത്സരിച്ച തഴവ സഹദേവന്‍ ആണ് ഇത്തവണ ലോകസഭയിലേക്ക് എന്‍.ഡി.എ നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥി. ബി.ജെ.പിക്ക് സ്വാധീനമുള്ള ചില പ്രദേശങ്ങള്‍ ഉണ്ട് എങ്കിലും മുഴുവന്‍ മണ്ഡലത്തിലെ ഘടനയുടെ പ്രത്യേകത കൊണ്ടു തന്നെ ഇത്തവണയും അവര്‍ എന്തെങ്കിലും ചലനമുണ്ടാക്കുവാന്‍ സാധ്യതയില്ല.

ബി.ഡി.ജെ.എസ് ആണ് സ്ഥാനാര്‍ത്ഥി എന്നതില്‍ ബി.ജെ.പി പ്രവര്‍ത്തകരില്‍ ചെറിയ മുറുമുറുപ്പും ഉണ്ട്. ചിറ്റയത്തിന് നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു ഘടകമാണ് ഇത്. ബി.ജെ.പി വോട്ടുകള്‍ മര്യാദയ്ക്ക് എന്‍.ഡി.എ പെട്ടിയില്‍ വീണാല്‍ ചിറ്റയം എളുപ്പത്തില്‍ ജയിച്ചു കയറും. അല്ലെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല.

ശബരിമല വിഷയം സ്വാധീനിക്കുവാന്‍ സാധ്യതയുള്ള ഒരു മണ്ഡലമാണ് മാവേലിക്കര. ആ വിഷയം കത്തി നിന്ന സമയത്ത് ഈ പ്രദേശങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലമാണ് എല്‍.ഡി.എഫിന് സമാശ്വാസം നല്‍കുന്നത്.

ചുരുക്കത്തില്‍ മുഖ്യ മുന്നണികള്‍ക്ക് ശക്തികേന്ദ്രങ്ങളായ അസംബ്ലി സെഗ്മെന്റുകള്‍ ഉള്ള ഒരു ലോകസഭാ മണ്ഡലം ആണ് മാവേലിക്കര. ബാലകൃഷ്ണപിള്ളയുടെ അസ്തിത്വം തെളിയിക്കാനുള്ള പോരാട്ടം കൂടിയാണ് ഇത്. ഗണേഷ് കുമാറിന് മാന്യമായ ഒരു അക്കമഡേഷന്‍ എന്നത് മാത്രമല്ല, എന്‍.എസ്.എസ് രാഷ്ട്രീയത്തിലെ തന്റെ പ്രസക്തിയും അതുപോലെതന്നെ കൊടിക്കുന്നില്‍ സുരേഷിനോടുള്ള അനിഷ്ടവും ഒക്കെ പ്രകടിപ്പിക്കുവാന്‍ കിട്ടുന്ന ഏറ്റവും നല്ല അവസരമാണ് പിള്ളയെ സംബന്ധിച്ച് ഇത്. കൊടിക്കുന്നില്‍ ഏറ്റവും ഭയക്കുന്നത് ഇതുതന്നെയാവും.