പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരിശീലിപ്പിച്ച ഓര്‍മകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മൗറീസിയോ സാരി. ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിന്റെ പരിശീലകനായ സമയത്തായിരുന്നു മൗറീസിയോ റൊണാള്‍ഡോയെ പരിശീലിപ്പിച്ചത്.
സിരി എയില്‍ തന്റെ കീഴില്‍ റൊണാള്‍ഡോയുടെ ഏറ്റവും മികച്ച സീസണായിരുന്നു എന്നാണ് മൗറീസിയോ പറഞ്ഞത്. ഫുട്‌ബോള്‍ ഇറ്റാലിയയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ കൂടെ ഇറ്റലിയില്‍ കളിക്കുന്ന സമയങ്ങളില്‍ റൊണാള്‍ഡോയുടേത് ഏറ്റവും മികച്ച സീസണുകളില്‍ ഒന്നായിരുന്നു. ആ സീസണില്‍ അദ്ദേഹം എല്ലാ മത്സരങ്ങളില്‍ നിന്നും 37 ഗോളുകളാണ് നേടിയത്,’ മൗറീസിയോ പറഞ്ഞു.
മൗറീസിയോയുടെ കീഴില്‍ 2019-20 സീസണില്‍ പോര്‍ച്ചുഗീസ് ഇതിഹാസം തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഇറ്റാലിയന്‍ ക്ലബ്ബിനുവേണ്ടി 33 ലീഗ് മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളും ആറ് അസിസ്റ്റുകളും ആണ് റൊണാള്‍ഡോ നേടിയത്.
ടീമിനായി ആ സീസണില്‍ ലീഗ് മത്സരങ്ങള്‍ക്ക് പുറമെ 46 മത്സരങ്ങളിലാണ് റൊണാള്‍ഡോ കളത്തിലിറങ്ങിയത്. ആ സീസണില്‍ യുവന്റസിനായി 37 തവണയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ലക്ഷ്യം കണ്ടത്.
2020ലായിരുന്നു റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബിനോട് വിടപറഞ്ഞ് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയത്. പിന്നീട് 2023ല്‍ ഓള്‍ഡ് ട്രാഫോഡില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറിലേക്കും താരം കൂടു മാറുകയായിരുന്നു.
നിലവില്‍ തന്റെ 39ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യമാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്. റൊണാള്‍ഡോ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് കളിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് തകര്‍പ്പന്‍ ഫോമിലാണ് പോര്‍ച്ചുഗല്‍.
ഈ രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയിരുന്നു. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.
Content Highlight: Maurizio Sarri Talks About Cristaino Ronaldo