മൗറീഷ്യസ്: നാലായിരം ടൺ ഓയിലുമായി പോയ ജപ്പാന്റെ കപ്പൽ മൗറീഷ്യസ് തീരത്ത് തകർന്നു. കപ്പൽ രണ്ടായി പിളർന്നുവെന്നാണ് റിപ്പോർട്ടുകൾ. ജൂലായ് 25ന് പുറപ്പെട്ട എം.വി വകാഷിയോ എന്ന കപ്പലാണ് തകർന്നതെന്ന് ദ്വീപധികൃതർ പറഞ്ഞു. കപ്പലിൽ സംഭരിച്ചു വച്ചിരുന്ന ഇന്ധനത്തിന്റെ ഭൂരിഭാഗവും കടലിൽ താഴ്ന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതീവ പരിസ്ഥിതി ലോല മേഖലയായ പവിഴപ്പുറ്റിലേക്ക് ഇന്ധനം ചോർന്നത് പാരിസ്ഥിതിക അടിയന്തിരാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. ലോക പ്രശസ്ത പവിഴപ്പുറ്റുകളുടെ ആവാസ കേന്ദ്രമാണ് മൗറീഷ്യസ്. എം.വി വകാഷിയോ അപൂർവ വന്യജീവികളുടെ സങ്കേതമായ പോയിന്റ് ഡി എസ്നിയയിലാണ് കരക്കടിഞ്ഞത്.
തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള റാംസർ കൺവെൻഷൻ അന്താരാഷ്ട്ര പ്രാധാന്യമുള്ള സ്ഥലമായി നിശ്ചയിച്ചിട്ടുള്ള തണ്ണീർത്തടങ്ങളും ഈ പ്രദേശത്തുണ്ട്.
എം.വി വകാഷിയോവിൽ നിന്നുള്ള ഇന്ധന ചോർച്ച താരതമ്യേന കുറവാണെങ്കിലും ചോർച്ച നടന്നത്ത് മൗറീഷ്യസിലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പവിഴപ്പുറ്റുകൾക്കിടയിലായതുകൊണ്ട് ഇത് ഏറെ നാൾ നീണ്ടു നിൽക്കുന്ന പാരിസ്ഥിതിക ആഘാതത്തിന് വഴിവെക്കും. മൗറീഷ്യസ് ജൈവവൈവിധ്യത്തിന് പ്രശസ്തമായ സ്ഥലമാണ്. കടൽക്കാറ്റും ജലപ്രവാഹവും ചോർന്ന ഇന്ധനത്തെ സമുദ്രത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും എത്തിക്കുന്നത് സ്ഥിതി വഷളാക്കുന്നു.
തകരുമ്പോൾ കപ്പലിനുള്ളിൽ 90 ടൺ ഇന്ധനം ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ചോരുന്ന എണ്ണയെ ആഗിരണം ചെയ്യാനായി കപ്പലിനടുത്ത് ബൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് കപ്പലുകളും പ്രദേശത്ത് നിലയുറച്ചിട്ടുണ്ട്.
ഇന്ധന ചോർച്ചയ്ക്ക് ഉടമയിൽ നിന്നും നഷ്ടപരിഹാരം തേടുമെന്ന് മൗറീഷ്യസ് അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ