ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍ വരുന്ന സമ്മര്‍ സീസണില്‍ ചെല്‍സിയില്‍ ജോയിന്‍ ചെയ്യുമെന്നുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചെല്‍സിയുടെ പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റീനോ.
ടോട്ടന്‍ഹാം ഹോട്ട്‌സ്‌പറില്‍ കെയ്‌നിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച പോച്ചെറ്റീനോയോട് 19കാരനായ താരത്തെ സൈന്‍ ചെയ്യിക്കുന്നതിനുള്ള സാധ്യത ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെയ്‌നെ വളരെ ചെറുപ്പം തൊട്ട് അറിയാമെന്നും അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണെന്നും പറഞ്ഞ പോച്ചെറ്റീനോ താരത്തെ ചെല്‍സിയില്‍ എത്തിക്കാന്‍ താത്പര്യപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി. 90 മിന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘മറ്റ് ക്ലബ്ബുകളിലെ താരങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച താരത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അല്ലെങ്കില്‍ ഏറ്റവും മികച്ച സ്‌ട്രൈക്കറെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ ഹാരി കെയ്‌നിന്റെ പേര് പറയും. വളരെ ചെറുപ്പം തൊട്ട് എനിക്കവനെ അറിയാം. ഞങ്ങള്‍ക്കിടയില്‍ മികച്ച ബന്ധമുണ്ട്,’ പോച്ചെറ്റീനോ പറഞ്ഞു.
നിലവില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്‌പറിന് വേണ്ടി കളിക്കുന്ന കെയ്‌ന് ക്ലബ്ബുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നിരുന്നാലും ടോട്ടന്‍ഹാം സി.ഇ.ഒ ഡാനിയല്‍ ലെവി ക്ലബ്ബിലെ ഏറ്റവും മൂല്യമേറിയ താരത്തെ ബദ്ധവൈരികളായ ചെല്‍സിയുമായി സൈന്‍ ചെയ്യിക്കുന്നതിനുള്ള സാധ്യത വിരളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.