| Saturday, 19th November 2022, 10:40 pm

മെസിയെ അപേക്ഷിച്ച് ഉത്തരവാദിത്തം ഇല്ലാത്തയാളാണ് നെയ്മർ: വിലയിരുത്തി പോച്ചറ്റീനോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോൾ ലോകകപ്പിൽ ഏറെ ആരാധകരുള്ള രണ്ട് സൂപ്പർ താരങ്ങളാണ് അർജന്റൈൻ ഇതി​ഹാസം ലയണൽ മെസിയും ബ്രസീലന്റെ സൂപ്പർതാരം നെയ്മറും. ഇരുവരും തങ്ങളുടെ രാജ്യങ്ങൾക്കായി പേരും പ്രശസ്തിയും ഉണ്ടാക്കിയ താരങ്ങളാണ്.

ഖത്തർ ലോകകപ്പിൽ അർജന്റീനക്കൊപ്പം കരിയറിലെ ആദ്യ കപ്പുയർത്താമെന്ന സ്വപ്‌നവുമായി മെസിയെത്തുമ്പോൾ നെയ്മറും കന്നി ലോകകപ്പ് നേടണമെന്ന മോഹവുമായാണ് ടൂർണമെന്റിനെത്തുന്നത്.

ദേശീയ ടീമുകളിൽ വ്യത്യസ്ത രാജ്യങ്ങളൾക്ക് വേണ്ടി ബൂട്ടണിയുന്ന ഈ രണ്ട് സൂപ്പർതാരങ്ങളും ക്ലബ്ബ് തലത്തിൽ ടീമംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ്. നേരത്തേ ബാഴ്‌സലോണയിൽ ഒരുമിച്ച് കളിച്ച ഇരുവരും ഇപ്പോൾ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജിയുടെ ഭാഗമാണ്.

കളിക്കാരെന്ന നിലയിൽ മെസിയും നെയ്മറും തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇപ്പോൾ പി.എസ്.ജിയുടെ മുൻ പരിശീലകൻ മൗറീഷ്യോ പോച്ചറ്റീനോ.

മെസിയോട് താരതമ്യം ചെയ്യുമ്പോൾ കുറേക്കൂടി റിസ്‌കിയായി കളിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് നെയ്മറെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗ്രൗണ്ടിലെത്തിയാൽ എല്ലാ മൂലയിലും നെയ്മർ ഒരേ രീതിയിലാണ് കളിക്കുകയെന്നും ഉത്തരവാദിത്വമില്ലാത്ത സ്വഭാവക്കാരനാണ് നെയ്മറെന്നും പോച്ചറ്റീനോ കൂട്ടിച്ചേർത്തു.

സ്വന്തം പെനാൽറ്റി ഏരിയയിൽ എതിരാളിയെ ടാക്കിൾ ചെയ്യാനോ, മധ്യനിരയിൽ വരെ പോയി പ്രകോപനപരമായി പന്ത് കവർന്നെടുക്കാനോ നെയ്മർക്ക് മടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫുട്‌ബോളിനെ ലയണൽ മെസിയിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് നെയ്മർ കാണുന്നത്. സ്വന്തം പക്കൽ നിന്നും ബോൾ നഷ്ടപ്പെടുകയാണെങ്കിൽ അതിൽ അദ്ദേഹം ലജ്ജിക്കാറില്ല.

അതു നെയ്മറുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്. കൂടുതൽ റിസ്‌കുകളെടുത്ത് കളിക്കാൻ അയാൾക്ക് മടിയില്ല. ഒപ്പം ആസ്വദിച്ച് കളിക്കാനും ഇഷ്ടപ്പെടുന്നയാളാണ് നെയ്മർ, പോച്ചറ്റീനോ വ്യക്തമാക്കി.

ബാഴ്സലോണയിൽ നിന്ന് മെസി പി.എസ്.ജിയിലേക്ക് ചേക്കേറിയപ്പോൾ ആദ്യ സീസണിൽ പോച്ചെറ്റീനോയായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്.

എന്നാൽ പ്രതീക്ഷിച്ച നിലവാരത്തിലെത്താൻ ടീമിന് സാധിക്കാതെ വരികയും ടീമിന്റെ അഴിച്ചപണിയുടെ ഭാഗമായി പോച്ചറ്റീനോയെ പി.എസ്.ജിയിൽ നിന്ന് പുറത്താക്കുകയുമായിരുന്നു. പോച്ചറ്റീനോക്ക് കീഴിൽ 84 മൽസരങ്ങളിൽ കളിച്ച പി.എസ്.ജി 56 കളികളിൽ വിജയം നേടിയിട്ടുണ്ട്.‌‌

Content Highlights: Mauricio Pochetino compares Messi and Neymar

We use cookies to give you the best possible experience. Learn more