ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാനാ സാദ് ഒളിവിലെന്ന് ദല്‍ഹി പൊലീസ്. സാദിനെ കണ്ടു പിടിക്കാന്‍ വിവിധ സംഘങ്ങളെയും ദല്‍ഹി പൊലീസ് ഇതിനോടകം നിയോഗിച്ചിട്ടുണ്ട്. അതേസമയം താന്‍ സെല്‍ഫ് ക്വാറന്റൈനില്‍ ആണെന്ന് അറയിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ബുധനാഴ്ച സാദ് പുറത്തു വിട്ടിരുന്നു.
ദല്‍ഹി പൊലീസ് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ അതിനെ വകവെക്കാതെ മര്‍ക്കസില്‍ താമസിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചു എന്ന് കാണിച്ചാണ് ദല്‍ഹി പൊലീസ് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര് ഫയല്‍ ചെയ്തത്.
സാദിനെ കണ്ടെത്തുന്നതിനായി ഉത്തര്‍ പ്രദേശില്‍ രണ്ടു പൊലീസ് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ദല്‍ഹി പൊലീസ് പറഞ്ഞതായി ഇന്ത്യടുഡേ ടിവി റിപ്പോര്‍ട്ടു ചെയ്തു. അതേസമയം സാദിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്ത് വരികയാണ്.
സാദ് ബുധനാഴ്ച പുറത്തു വിട്ട ശബ്ദ ശകലത്തിന്റെ ഐ.പി അഡ്രസ് കണ്ടു പിടിക്കുന്നതിനായി ക്രൈംബ്രാഞ്ച് സാങ്കേതിക ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
ഒരു സംഘം ഇയാള്‍ ഒളിച്ചു താമസിക്കാനിടയുള്ള പള്ളികളിലും പരിസരങ്ങളിലും നരീക്ഷിച്ചു വരികയാണ്.എഫ്.ഐ.ആര് ഫയല്‍ ചെയ്തതു മുതല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സമ്മേളനത്തിന് വന്ന് മാര്‍ച്ച് 24ന് മുമ്പ് തിരിച്ചു പോയ ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കാനും ദല്‍ഹി പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ 8000ത്തോളം പേരെ കണ്ടെത്താന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
രാജ്യത്ത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വലിയ തോതില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതെന്ന് ആരോഗ്യവകുപ്പ് ജോ. സെക്രട്ടറി ലാവ് അഗര്‍വാളും പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സമ്മേളനത്തിലുണ്ടായിരുന്നവര് യാത്ര ചെയ്ത ആറ് ട്രെയിനുകളിലെ യാത്രക്കാരെ നിരീക്ഷിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
മുംബൈയിലെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ച വ്യകതിയും സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്.