| Monday, 24th February 2020, 2:57 pm

ദല്‍ഹിയില്‍ വീണ്ടും പൗരത്വപ്രതിഷേധക്കാര്‍ക്കെതിരെ ആക്രമണം; പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം. ദല്‍ഹിയിലെ വടക്കുകിഴക്കന്‍ ജില്ലയായ മോജ്പൂരിലാണ് സംഭവം. 24 മണിക്കൂറിനിടയില്‍ ഇത് രണ്ടാമത്തെ സംഘര്‍ഷമാണ്. ഇരുകൂട്ടരും തമ്മില്‍ പരസ്പരം കല്ലേറുണ്ടായി.

മോജ്പൂര്‍ മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടരും പരസ്പരം കല്ലെറിയുന്നതിന്റെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ ജയ് ശ്രീറാം വിളിക്കുന്നതായും വീഡിയോയില്‍ കാണാം.

സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സമാധാനം പുനഃസ്ഥാപിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ജാഫര്‍ബാദില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ ഇന്നലെയുണ്ടായ കല്ലേറിന്റെ ബാക്കിപത്രമാണ് ഇന്നുണ്ടായ സംഘര്‍ഷമെന്നാണ് കരുതുന്നത്. ശനിയാഴ്ച്ച രാത്രി മുതലാണ് ഷാബിന്‍ബാഗിന് സമാനമായ പ്രതിഷേധം ജഫ്രാബാദില്‍ ആരംഭിച്ചത്. ഇതോടെ അവിടുത്തെ മെട്രോസ്റ്റേഷന്‍ അടച്ചിട്ടിരിക്കുകയാണ്.

ബി.ജെ.പി നേതാവായ കപില്‍ മിശ്ര ഇന്നലെ ഇതേ സ്ഥലത്ത് സി.എ.എ അനുകൂല റാലി ആരംഭിച്ചതാണ് ഇന്നലത്തെ സംഘര്‍ഷത്തിന് കാരണം. ഷാഹീന്‍ബാഗ് പ്രതിഷേധക്കാരെ നേരത്തെ മിനിപാകിസ്താനികള്‍ എന്ന് വിളിച്ചതില്‍ കപില്‍ മിശ്ര വിവാദമായിരുന്നു. പിന്നാലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്നും കപില്‍ മിശ്രയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.

ഉത്തര്‍പ്രദേശിലും ഇന്നലെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more