തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി നാളെ കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കൊല്ലം അന്‍വാര്‍ശേരിയിലേക്ക് യാത്ര പുറപ്പെടും.
ബെംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ബെംഗളൂരുവില്‍ കഴിയുന്ന മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. മുമ്പ് ഉണ്ടായിരുന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാണ് കേരളത്തിലേക്ക് സ്ഥിരമായി പോകുന്നതിനുള്ള അനുവാദം സുപ്രീം കോടതി നല്‍കിയത്.
കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ബെംഗളൂരുവിലേക്ക് മടങ്ങണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലുള്ള സ്വന്തം നാട്ടില്‍ മഅ്ദനിക്ക് താമസിക്കാം എന്നായിരുന്നു സുപ്രീം കോടതി അനുവദിച്ച ഇളവില്‍ പറയുന്നത്. ബെംഗളൂരു സ്ഫോടന കേസിന്റെ വിസ്താരം അവസാന ഘട്ടത്തില്‍ എത്തിയത് പരിഗണിച്ചായിരുന്നു കോടതി ഇളവ് നല്‍കിയത്.
എന്നാല്‍ 15 ദിവസത്തിലൊരിക്കല്‍ അന്‍വാര്‍ശ്ശേരിയിലെ പൊലീസ് സ്റ്റേഷനില്‍ മഅ്ദനി ഹാജരാകണം. കൊല്ലം ജില്ലയില്‍ തങ്ങണമെങ്കിലും ചികിത്സാ ആവശ്യാര്‍ത്ഥം ജില്ല വിടാമെന്നും കോടതി പറഞ്ഞു.
CONTENT HIGHLIGHTS: Maudani will reach Kerala tomorrow