| Thursday, 27th October 2022, 6:53 pm

വൈറസ് പൂട്ടില്‍ സുരക്ഷാകവചം തകര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം; ഇംഗ്ലണ്ടിനെതിരായ മത്സരം നിര്‍ണായകം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ തേടി വീണ്ടും വൈറസിന്റെ രൂപത്തില്‍ തിരിച്ചടി വന്നിരിക്കുകയാണ്. സ്പിന്നര്‍ ആദം സാംപയ്ക്ക് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡിനും കൊവിഡ് സ്ഥിരീകരിച്ചു.

ഇതോടെ അടുത്ത ദിവസം മെല്‍ബണില്‍ വെച്ച് നടക്കുന്ന ഇംഗ്ലണ്ടിനെതിരായുള്ള നിര്‍ണായക പോരിനിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആരെ കീപ്പറായി കളിപ്പിക്കും എന്ന ആശങ്കയിലാണ് ഓസ്ട്രേലിയന്‍ ടീം.

നിലവില്‍ 15 അംഗ ഓസ്‌ട്രേലിയന്‍ ടീമില്‍ വെയ്ഡ് മാത്രമായിരുന്നു ഏക വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് നടത്തിയ പരിശോധനയിലാണ് വെയ്ഡിന് കൊവിഡ് സ്ഥിരീകരിച്ചത്.

അതെസമയം വെയ്ഡിന് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ തന്നെ വെയ്ഡ് നാളെ ഇംഗ്ലണ്ടിനെതിരായ പോരില്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന് പകരം മറ്റൊരാളെ ടീമിലെടുക്കേണ്ടതില്ലെന്നാണ് ഓസീസ് തീരുമാനം.

വെയ്ഡ് കളിക്കുന്നില്ലെങ്കില്‍ ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാകാസ്‌വെല്‍ എന്നിവരില്‍ ഒരാളെയും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മത്സരത്തിന്റെ മുന്നൊരുക്കമെന്നോണം മാക്‌സ്വെല്‍ നെറ്റ്‌സില്‍ കീപ്പിങ് പ്രാക്ടീസ് നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഓസ്‌ട്രേലിയ രണ്ടാം പോരാട്ടത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് സെമി പ്രതീക്ഷകള്‍ സജീവമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരായ പോരാട്ടം ഓസീസിന് അതീവ നിര്‍ണായകമാണ്.

അയര്‍ലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇംഗ്ലണ്ടിനും നാളെത്തെ മത്സരം വിജയിക്കേണ്ടത് അനിവാര്യമാണ്.

Content Highlight: Matthew Wade latest Covid case but expected to face England

We use cookies to give you the best possible experience. Learn more