ലണ്ടന്‍: ആഷസില്‍ ഹീറോകള്‍ മാറിമാറി വരുന്നുവെന്ന വ്യക്തമായ സൂചനകള്‍ നല്‍കി ഓസ്‌ട്രേലിയന്‍ ബാറ്റിങ്. മുന്‍ ടെസ്റ്റുകളില്‍ സ്റ്റീവന്‍ സ്മിത്തായിരുന്നു ഓസീസിന്റെ വിജയശില്‍പ്പിയെങ്കില്‍ അവസാന ടെസ്റ്റില്‍ 399 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങി തോല്‍വിയെ മുന്നില്‍ക്കണ്ട ടീമിന് ഇക്കുറി ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ മാത്യു വേഡാണ് രക്ഷകനായത്.
സ്റ്റുവര്‍ട്ട് ബ്രോഡിന്റെ നേതൃത്വത്തില്‍ കെന്നിങ്ടണ്‍ ഓവലില്‍ പരമ്പരയില്‍ ഒപ്പത്തിനൊപ്പം എത്താനുള്ള ഇംഗ്ലീഷ് ബൗളര്‍മാരുടെ ശ്രമത്തെ വേഡ് ഒറ്റയ്ക്കാണു ചെറുത്തുതോല്‍പ്പിച്ചത്.
തന്റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറി നേടിയ വേഡ് (100) ഇപ്പോഴും പുറത്താകാതെ നില്‍ക്കുന്നത് അര്‍ഹിച്ച ഇംഗ്ലീഷ് വിജയത്തിനു വിലങ്ങുതടിയാണ്. 147 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്‌സറും അടക്കമാണ് വേഡ് റണ്‍സെടുത്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
31-കാരനായ വേഡിന്റെ 27-ാം ടെസ്റ്റ് മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ബാറ്റിങ്ങില്‍ സ്ഥിരത കൈവരിക്കാന്‍ ഏറെ ബുദ്ധിമുട്ടിയ താരം തന്റെ കരിയറിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ലണ്ടനില്‍ നടത്തിയത്. ഈ പരമ്പരയില്‍ വേഡിന്റെ രണ്ടാം സെഞ്ചുറിയാണിത്.
വിക്കറ്റ് കീപ്പറായ വേഡിന് ഫീല്‍ഡില്‍ സ്ഥാനം നല്‍കി ടിം പെയ്‌നെ വിക്കറ്റിനു പിന്നില്‍ അണിനിരത്തി ഇറങ്ങിയ ഓസീസിന് അദ്ദേഹത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നു കൂടിയാണു മത്സരം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ മത്സരങ്ങളില്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ച സ്മിത്ത് (23) അടക്കമുള്ള താരങ്ങളെ തുടക്കത്തിലേ നഷ്ടപ്പെട്ട ഓസീസിന് വേഡിനൊപ്പം ഏഴാം വിക്കറ്റിലുള്ളത് വാലറ്റക്കാരന്‍ പാറ്റ് കമ്മിന്‍സാണ്. ഇനി ഓസീസിനു വിജയിക്കാന്‍ വേണ്ടത് നാല് വിക്കറ്റുകള്‍ കൂടി കൈയ്യിലിരിക്കെ 161 റണ്‍സ് കൂടി വേണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആദ്യ നാല് വിക്കറ്റുകള്‍ 85 റണ്‍സിന് നഷ്ടപ്പെട്ട ഓസീസിനെ വേഡും മിച്ചല്‍ മാര്‍ഷും (24) ചേര്‍ന്നാണു കരകയറ്റിയത്. 63 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. ആറാം വിക്കറ്റില്‍ പെയ്‌നിനൊപ്പം ചേര്‍ന്ന് വേഡ് നേടിയതാകട്ടെ, 52 റണ്‍സും.
മൂന്ന് വിക്കറ്റ് നേടിയ ബ്രോഡ്, രണ്ട് വിക്കറ്റ് നേടിയ ജാക്ക് ലീച്ച്, ഒരു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവര്‍ ഓസീസിന്റെ മുന്‍നിരയെ തകര്‍ക്കുന്നതില്‍ വിജയിച്ചു.
നേരത്തേ ബെന്‍ സ്‌റ്റോക്‌സിന്റെ (67) അര്‍ധസെഞ്ചുറിയുടെയും ജോസ് ബട്ട്‌ലറിന്റെ (47) ഭേദപ്പെട്ട പ്രകടനത്തിന്റെയും പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് 398 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയത്.