കോഹ്‌ലിയും വില്യംസണും അടിയറവ് പറഞ്ഞു, ഫാബ് ഫോറില്‍ ഇനി ഇവന്റെ ബൗളിങ്ങിന്റെ ചൂടറിയാനുള്ളത് സ്മിത്ത് മാത്രം; ഇതാ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഏറ്റവും വലിയ കണ്ടെത്തല്‍
Sports News
കോഹ്‌ലിയും വില്യംസണും അടിയറവ് പറഞ്ഞു, ഫാബ് ഫോറില്‍ ഇനി ഇവന്റെ ബൗളിങ്ങിന്റെ ചൂടറിയാനുള്ളത് സ്മിത്ത് മാത്രം; ഇതാ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഏറ്റവും വലിയ കണ്ടെത്തല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd July 2022, 2:49 pm

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് ബെര്‍മിങ്ഹാമില്‍ നടന്നുകൊണ്ടിരിക്കുകയാണ്. റിഷബ് പന്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച രീതിയില്‍ ബാറ്റിങ് തുടരുകയാണ്.

ടെസ്റ്റില്‍ ടി-20 കളിക്കാന്‍ ബെയര്‍‌സ്റ്റോയ്ക്ക് മാത്രമല്ല തങ്ങള്‍ക്കും അറിയാം എന്ന് ഇംഗ്ലണ്ടിന് പഠിപ്പിച്ചുകൊടുക്കുന്നതായിരുന്നു പന്തിന്റെ ബാറ്റിങ്ങിലൂടെ ഇന്ത്യ തെളിയിച്ചത്.

111 പന്തില്‍ നിന്നും 146 റണ്‍സ് നേടിയാണ് റിഷബ് പന്ത് എന്ന യുവതാരം കരുത്ത് കാട്ടിയത്. പന്തിനൊപ്പം ജഡേജയുടെ ആങ്കറിങ് ഇന്നിങ്‌സും ഇന്ത്യക്ക് തുണയായി.

എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ എടുത്തുപറയേണ്ട മറ്റൊരു താരവും കൂടിയുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച കണ്ടെത്തലായ മാത്യു പോട്‌സ് എന്ന യുവതാരത്തിന്റെ പ്രകടനവും ശ്രദ്ധനേടിയിരുന്നു.

അഞ്ച് എന്ന എക്കോണമിയിലാണ് പന്തെറിയുന്നതെങ്കിലും അപകടകാരിയായ വിരാടിനെയും വിഹാരിയെയും നേരത്തെ മടക്കിയാണ് താരം ഇംഗ്ലണ്ടിന് അവശ്യമായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രമാണ് പോട്‌സ് കളിക്കുന്നതെങ്കിലും ഇവന്‍ ചില്ലറക്കാരനല്ല എന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഫാബ് ഫോറിലെ രണ്ടാം ബാറ്ററാണ് ഇവന് മുമ്പില്‍ അടിയറവ് പറഞ്ഞിരിക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരെ നടന്ന ഇംഗ്ലണ്ടിന്റെ കഴിഞ്ഞ പരമ്പരയിലെ കെയ്ന്‍ വില്യംസണായിരുന്നു പോട്‌സിന്റെ ബൗളിങ്ങിന് മുമ്പില്‍ അടിയറവ് പറഞ്ഞത്. മൂന്ന് തവണയാണ് വില്യംസണ്‍ പോട്‌സിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്.

ഇതോടെയാണ് കേവലം മൂന്ന് ടെസ്റ്റ് മാത്രം കളിച്ച ഇംഗ്ലണ്ടിന്റെ യുവതാരം ലൈംലൈറ്റേക്കെത്തിയത്.

ഫാബ് ഫോറില്‍ ഇനി സ്റ്റീവ് സ്മിത്ത് മാത്രമാണ് പോട്‌സിന്റെ വേഗത അറിയാനുള്ളത്. ചിരവൈരികളായ ഓസീസും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ പോട്‌സിന്റെ അടുത്ത ലക്ഷ്യം സ്മിത്തിന്റെ വിക്കറ്റ് തന്നെയായിരിക്കും.

അതേസമയം, ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. 73 ആവറില്‍ 338ന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.

ജഡേജയും മുഹമ്മദ് ഷമിയുമാണ് ഇപ്പോള്‍ ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ 52 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും മാത്യു പോട്‌സ് 85 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

Content Highlight: Matthew Potts takes Virat Kohli’s wicket in India – England Test