| Monday, 13th September 2021, 4:38 pm

ഇനി കളി മാറും; മാത്യു ഹെയ്ഡന്‍ പാകിസ്താന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ലാഹോര്‍: ആസ്‌ട്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡനെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം വെര്‍നണ്‍ ഫിന്‍ലാന്‍ഡറേയും പരിശീലക ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പി.സി.ബി ചെയര്‍മാനായി നിയമിതനായ റമീസ് രാജയുടേതാണ് അപ്രതീക്ഷിത തീരുമാനം. ടി-20 ലോകകപ്പില്‍ കൂടുതല്‍ അഗ്രസീവായ പ്രകടനം ടീം നടത്തുമെന്നും അതിനായാണ് പുതിയ നിയമനമെന്നും റമീസ് പ്രതികരിച്ചു.

‘ലോകകപ്പുകളില്‍ ജയിച്ച് പരിചയമുള്ള താരമാണ് ഹെയ്ഡന്‍. ഒരു ആസ്‌ട്രേലിയന്‍ താരം ടീമിനൊപ്പമുണ്ടാകുന്നത് മുതല്‍ക്കൂട്ടാണ്,’ റമീസ് രാജ പറഞ്ഞു.

ഫിന്‍ലാന്‍ഡറെ തനിക്ക് നന്നായി അറിയാമെന്നും ആസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച റെക്കോഡുള്ള താരത്തിന്റെ സേവനം ടീമിന്റെ ബൗളിംഗിനെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുവരും ഇതാദ്യമായാണ് പരിശീലകസ്ഥാനത്തേക്ക് എത്തുന്നത്.

ഹെയ്ഡന്‍ 103 ടെസ്റ്റില്‍ നിന്ന് 30 സെഞ്ച്വറികളടക്കം 8625 റണ്‍സും 161 ഏകദിനത്തില്‍ 10 സെഞ്ച്വറിയടക്കം 6133 റണ്‍സും നേടിയിട്ടുണ്ട്.

ഫിന്‍ലാന്‍ഡര്‍ 64 ടെസ്റ്റില്‍ നിന്ന് 224 വിക്കറ്റും 30 ഏകദിനത്തില്‍ നിന്ന് 41 വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്കായി നേടിയിട്ടുണ്ട്.

നേരത്ത പാകിസ്താന്‍ പരിശീലകരായിരുന്ന മിസ്ബാ ഉള്‍ ഹഖും വഖാര്‍ യൂനിസും സ്ഥാനം രാജിവെച്ചിരുന്നു. ടി-20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ദിവസമായിരുന്നു ഇരുവരുടേയും രാജി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Matthew Hayden, Vernon Philander appointed Pakistan coaches for T20 World Cup

Latest Stories

We use cookies to give you the best possible experience. Learn more