Sports News
പേസും സ്പിന്നും സമര്‍ത്ഥമായിട്ടാണ് അവന്‍ നിയന്ത്രിച്ചത്, അവന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററാണ്: മാത്യു ഹെയ്ഡന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 08, 11:38 am
Wednesday, 8th May 2024, 5:08 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സ് 20 റണ്‍സിനാണ് വിജയം സ്വന്തമാക്കിയത്. ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. അഭിഷേക് പോരലിന്റെയും ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് രാജസ്ഥാന് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ സഞ്ജു 46 പന്തില്‍ നിന്ന് ആറ് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 86 റണ്‍സാണ് ടീമിന് വേണ്ടി നേടിയത്. 186.96 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.

സഞ്ജു അടിച്ച പന്ത് ബൗണ്ടറി കുഷ്യന് തൊട്ടടുത്ത് നിന്നാണ് ഷായി ഹോപ് സഞ്ജുവിന്റെ ക്യാച്ചെടുത്തത്. താരത്തിന്റെ കാല്‍ കുഷ്യനില്‍ തട്ടിയിട്ടില്ല എന്ന നിഗമനത്തില്‍ തേര്‍ഡ് അമ്പയര്‍ മൈക്കല്‍ ഗഫ് ഔട്ട് വിധിക്കുകയായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ മിന്നും പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മാത്യു ഹെയ്ഡന്‍.

’46 പന്തില്‍ 86 റണ്‍സെടുത്ത് സഞ്ജു സാംസണ്‍ മികച്ചുനിന്നു. എല്‍.എസ്.ജിക്കെതിരെ ചെയ്തതുപോലെ ഗെയിമുകളില്‍ അദ്ദേഹം തന്റെ മൂല്യം കാണിക്കുന്നു. എന്നിരുന്നാലും, രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കാനായില്ലെങ്കില്‍ അദ്ദേഹം ദുഃഖിക്കും. ഈ ടൂര്‍ണമെന്റിലെ മാസ്റ്റര്‍ ബ്ലാസ്റ്ററാണ് അദ്ദേഹം, പേസും സ്പിന്നും സമര്‍ത്ഥമായി നിയന്ത്രിച്ചു,’ ഹെയ്ഡന്‍ പറഞ്ഞു.

‘അവന്‍ തന്റെ ഇന്നങ്സ് മികച്ചതാക്കി. അവനു ശക്തിയുണ്ട്. ടി-20 ക്രിക്കറ്റില്‍ അധികാരവും വളരെ പ്രധാനമാണ്. എന്നിരുന്നാലും ശ്രദ്ധേയമായത് അവന്റെ സമര്‍പ്പണമാണ്. അദ്ദേഹത്തിന് കുറച്ച് ഭാഗ്യം ആവശ്യമായിരുന്നു. പ്രത്യേകിച്ച് കളിയുടെ അവസാന ഭാഗത്ത്,’ അദ്ദേഹം തുടര്‍ന്നു.

 

Content highlight: Matthew Hayden Praises Sanju Samson